മൂന്ന് വർഷത്തോളമാവുന്നു പാക്കധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ പതിവായി സമരത്തിനിറങ്ങാൻ തുടങ്ങിയിട്ട്. ജോയിന്റ് ആക്ഷൻ അവാമി കമ്മിറ്റി (ജെഎഎസി) നേതൃത്വം നൽകുന്ന പ്രസ്ഥാനം തുടക്കം മുതൽ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ രണ്ടെണ്ണമാണ്; കുറഞ്ഞ നിരക്കിലെ ആട്ടയും താങ്ങാവുന്ന വിലയ്ക്കുള്ള വൈദ്യുതിയും. വളരെ ലളിതമായ ആവശ്യത്തിന് അവഗണനയാണ് ആദ്യ ഉത്തരം. പ്രതിഷേധം രൂക്ഷമാവുമ്പോൾ പാകിസ്താൻ പട്ടാളം പ്രക്ഷോഭകർക്ക് നേരെ വെടിവെക്കും. ഇതാണ് പതിവു രീതി. (വിട്ടുവീഴ്ച ചെയ്താലും വൈകാതെ പിൻമാറും.) കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ മുപ്പതോളം പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് ആൾക്കാരെ തടവിലാക്കുകയും ചെയ്തെന്ന് നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാകിസ്താന്റെ ഔദ്യോഗിക കണക്കിൽ കൊല്ലപ്പെട്ടവർ പതിനൊന്ന് മാത്രം.

To advertise here,

വ്യാപാരികളും അഭിഭാഷകരും വിദ്യാർത്ഥികളും നയിക്കുന്ന ജനകീയപ്രസ്ഥാനമായ ജെഎഎസിയെ പാക് സർക്കാർ ഈ മാസം ഭീകര സംഘടനയായി മുദ്ര കുത്തി. നിയമാനുസൃതമായ വിമർശനത്തെ കുറ്റകൃത്യമാക്കാൻ 'അവ്യക്ത കാരണങ്ങൾ' ഉപയോഗിക്കുന്നതാണ് നടപടിയെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ദക്ഷിണേഷ്യ ഓഫീസ് പറഞ്ഞു. കർഫ്യൂ, ഇന്റർനെറ്റും മൊബൈൽ നെറ്റ്വർക്കുകളും വിച്ഛേദിക്കൽ, ആശയവിനിമയ സംവിധാനങ്ങൾ അടച്ചിടൽ, ചന്തകൾ പോലും തുറക്കുന്നത് വിലക്കൽ, പാതിരാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറി സംശയമുള്ളവരെയൊക്കെ അറസ്റ്റു ചെയ്യൽ... ഇതൊക്കെ ഈ നാട്ടിൽ പതിവായിട്ട് വർഷങ്ങളായി. ന്യായമായി അവകാശപ്പെട്ട കാര്യങ്ങൾ പോലും ചോദിക്കാൻ പാടില്ലാത്ത സാഹചര്യം. പാകിസ്താനികൾ ആസാദ് (സ്വതന്ത്ര) കശ്മീർ എന്നുവിളിക്കുന്ന പ്രദേശത്ത്് സ്വാതന്ത്ര്യം ആ പേരിൽ മാത്രമേ ഉള്ളൂ എന്ന് നാട്ടുകാർ പറയുന്നു.

ഗിൽഗിത് ബാൾട്ടിസ്താന്റെ കഥയും വ്യത്യസ്തമല്ല. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സീപെക്) കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ പ്രദേശത്തെ ജനങ്ങളും സമരരംഗത്താണ്. ആവശ്യങ്ങളും സമാനമാണ്-സൗജന്യനിരക്കിലെ ഗോതമ്പും അടിസ്ഥാന അവകാശങ്ങളും. പാക് സർക്കാരിന്റെ മറുപടിയിലും മാറ്റമില്ല. അവഗണന, പിന്നെ അടിച്ചമർത്തൽ. പാക്കധീന കശ്മീരിനെപ്പോലെ ഗിൽഗിത് ബാൾട്ടിസ്താനും ഇന്ത്യയുടെ ഭാഗമാണെന്നും പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഭാരതത്തിന്റെ നിലപാട്.

അതിർത്തിക്കപ്പുറത്തെ സമൃദ്ധിയും ഇപ്പുറത്തെ ദാരിദ്ര്യവും

അതിർത്തിക്കപ്പുറം ഇന്ത്യൻ കശ്മീരിലെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സർക്കാർ ആനുകൂല്യങ്ങളും പാക് കശ്മീരികളുടെ ദുരിതത്തെ കൂടുതൽ തീവ്രമാക്കുന്നു. പ്രകൃതിസമ്പത്തിൽ വളരെ മുന്നിലുള്ള ഭൂവിഭാഗമാണെങ്കിലും അതിന്റെ ഗുണം നാട്ടുകാർക്ക് കിട്ടുന്നില്ല. ഝലം നദിയിലെ മംഗ്ല അണക്കെട്ടിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പോകുന്നത് പാക് പഞ്ചാബിലേക്കാണ്. നീലം- ഝലം ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി പാകിസ്താന്റെ ദേശീയ ഗ്രിഡിലേക്കും. ഈ അണക്കെട്ടുകളുടെ നിഴലിൽ ജീവിക്കുന്ന ജനങ്ങൾ മണിക്കൂറുകൾ നീളുന്ന ലോഡ് ഷെഡിംഗ് നിത്യേന അനുഭവിക്കണം. കിട്ടുന്ന വൈദ്യുതി ബില്ലുകൾ അവരുടെ വരുമാനത്തെ പരിഹസിക്കുന്നതും. വിശപ്പിന് ആഹാരമില്ല, ആശുപത്രികളിൽ മരുന്നില്ല, സ്‌കൂളുകളിൽ അധ്യാപകരില്ല. പാക്കധീന കശ്മീർ പാകിസ്താന്റെ കോളനിയായി മാറിയിരിക്കുന്നു.

ഭരണഘടനാപരമായ അനിശ്ചിതത്വത്തിലാണ് പാക്കധീന കശ്മീർ. അത് പാകിസ്താന്റെ പ്രവിശ്യയല്ല, സ്വതന്ത്രരാഷ്ട്രവുമല്ല. സർക്കാർ ഉണ്ടെങ്കിലും പ്രതിരോധം, വിദേശനയം, ആശയവിനിമയം, പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്നിവയൊക്കെ തീരുമാനിക്കുന്നത് ഇസ്ലാമാബാദിലെ കശ്മീർകാര്യ മന്ത്രാലയമാണ്. ഭരണത്തിലും സൈന്യത്തിലും പഞ്ചാബികൾക്കും പഷ്തൂണുകൾക്കുമാണ് മുൻതൂക്കം. പാക്കധീന കശ്മീരിലെ ഔദ്യോഗിക ഭാഷ ഉർദുവാണ്, കശ്മീരിയല്ല. (ഇന്ത്യയിൽ ഔദ്യോഗിക ഭാഷകളിലൊന്നാണ് കശ്മീരി.) കശ്മീരി ജനസംഖ്യാനുപാതം കുറയ്ക്കാൻ പഞ്ചാബി, പഷ്തൂൺ വിഭാഗങ്ങളെ പാക് സർക്കാർ വലിയ തോതിൽ കുടിയിരുത്തിയിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവുമൊക്കെ കണക്കാണ്. ചുരുക്കത്തിൽ, കശ്മീരി സ്വത്വവും ഭാഷയും രാഷ്ട്രീയാവകാശങ്ങളുമൊക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയാണ് പാക്കധീന കശ്മീരിലുള്ളത്. ഗിൽഗിത് ബാൾട്ടിസ്താനാവട്ടെ. പാകിസ്താന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലാണ്. വോട്ടവകാശം പോലുമില്ല.

മാറുന്ന കശ്മീർ ആഖ്യാനം

ഈയിടെയായി പാക്കധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടു വരുന്നതിലും പൊതുവേദികളിൽ അപലപിക്കുന്നതിലും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. കുറച്ചുകാലം മുമ്പുവരെ കശ്മീർ ആഖ്യാനങ്ങളിൽ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്ന പാകിസ്താന് ലോകാഭിപ്രായത്തെ സ്വാധീനിക്കാനായിരുന്നു. കശ്മീരിൽ ഇന്ത്യൻ സേന വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നായിരുന്ന പതിവ് പാക് ആരോപണത്തെ പ്രതിരോധിക്കാൻ ഇന്ത്യ ബുദ്ധിമുട്ടിയിരുന്നു. ആ അസന്തുലിതാവസ്ഥ ഇപ്പോൾ നേരേ വിപരീതദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു.

2025 ഒക്ടോബറിൽ നടന്ന ഐക്യരാഷ്ട്രസഭാ യോഗത്തിൽ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളിലെ 'ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ' അവസാനിപ്പിക്കാൻ ഇന്ത്യ, പാകിസ്താനോട് ആവശ്യപ്പെട്ടു. ഈ വർഷമാദ്യം ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയുടെ പ്രതിനിധി അന്താരാഷ്ട്ര നാണ്യനിധിയോട് പാകിസ്താൻ ഈയിടെ അപേക്ഷിച്ച സാമ്പത്തികസഹായത്തെക്കാൾ വലുതാണ് ജമ്മുകശ്മീരിനുള്ള ഇന്ത്യയുടെ വികസന ബജറ്റെന്ന് ചൂണ്ടിക്കാട്ടി. കശ്മീരിൽ 370-ാം വകുപ്പ് എടുത്തുമാറ്റിയതിനു ശേഷമുള്ള പുരോഗതിയും ഇന്ത്യയുടെ നയതന്ത്രശ്രമങ്ങളും ലോകാഭിപ്രായത്തിൽ വരുത്തിയ മാറ്റത്തിനു തെളിവാണ് പിഒകെയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക ഉന്നയിക്കുന്ന കത്തുകളിൽ അമ്പതിലധികം ബ്രിട്ടീഷ് എംപിമാർ ഒപ്പിട്ടത്. ലോകത്തിന്റെ കാഴ്ചപ്പാട് മാറുകയാണ്: പാക്കധീന കശ്മീർ പാകിസ്താന്റെ സംരക്ഷണത്തിനു കൊതിക്കുന്ന തർക്കപ്രദേശമല്ല, മറിച്ച് സ്വതന്ത്രമായി ശ്വസിക്കാൻ ആഗ്രഹിക്കുന്ന ബന്ധിത ജനതയണെന്ന തിരിച്ചറിവിലേക്ക്.

ബലൂചിസ്താനിലെന്ന പോലെ പാക്കധീന കശ്മീരിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്കു പിന്നിൽ ഇന്ത്യയാണ്, ചാരസംഘടന റോ ആണ് എന്നൊക്കെ പാകിസ്താൻ ആരോപിക്കാറുണ്ട്. അതിനു കാരണം നാട്ടുകാർക്കിടയിൽ ഇന്ത്യ അനുകൂല വികാരം പ്രത്യക്ഷപ്പെട്ടതാകാം. പാക് സൈന്യത്തിനെതിരെയും ഇന്ത്യയ്ക്ക് അനുകൂലമായും മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ത്രിവർണ പതാക ഏന്തുന്നതുമൊന്നും അവിടെ വാർത്തയല്ലാതായിരിക്കുന്നു. ഏതു രഹസ്യ ഏജൻസി വിചാരിച്ചാലും കാര്യങ്ങൾ അത്രത്തോളമെത്തിക്കാൻ പറ്റില്ല, യഥാർഥ ജനരോഷം നിർമ്മിക്കാൻ കഴിയില്ല. അത് അടിച്ചമർത്തൽ ഭരണകൂടത്തിനേ കഴിയൂ. പഞ്ചാബ് ഒഴികെയുള്ള ഭൂരിഭാഗം പ്രവിശ്യകളിലും പാകിസ്താൻ അത് വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു!

പാക്കധീന കശ്മീർ തിരിച്ചെത്തുമോ?

പാക്കധീന കശ്മീരിലെ ജനങ്ങൾ സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിട്ടുണ്ട്, ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീർ ഏകീകരണത്തെ കുറിച്ച് പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്. സമീപകാലത്ത് ദുഷ്ടലാക്കോടെ ചോദ്യമുന്നയിച്ച പാക് പത്രപ്രവർത്തകനോടു വിദേശമന്ത്രി ഡോ എസ് ജയശങ്കർ പറഞ്ഞത് ഇങ്ങനെയാണ്: ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങൾ- ആർട്ടിക്കിൾ 370 റദ്ദാക്കൽ, സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കൽ, സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തൽ- പരിഹരിച്ചു കഴിഞ്ഞു. പാകിസ്താൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന, മോഷ്ടിക്കപ്പെട്ട കശ്മീർ ഭാഗം രാജ്യത്തോടു കൂട്ടിച്ചേർക്കുന്നതു കാത്തിരിക്കുകയാണ്. അതു പൂർത്തിയാവുമ്പോൾ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുതരുന്നു. ഇത്തരം പരാമർശങ്ങൾ കശ്മീർ രാജ്യത്തോടു കൂട്ടിച്ചേർക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ഇന്ധനം പകരുന്നു.

പാക്കധീന കശ്മീരിന്റെ വലിയൊരു ഭാഗം ചൈനയുടെ കൈവശമാണ്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി പാകിസ്താൻ 1963-ൽ ശക്സ്ഗാം താഴ്വര- 5,180 ചതുരശ്രകിലോമീറ്റർ വലിപ്പം- അനധികൃതമായി ചൈനയ്ക്കു വിട്ടുനൽകി. 1962-ലെ യുദ്ധത്തിൽ ചൈന ഇന്ത്യയിൽ നിന്നും പിടിച്ചെടുത്ത അക്സായി ചിൻ പ്രദേശത്തിനു സമീപമാണിത്. മേഖല തങ്ങളുടെ സ്വന്തമല്ലായിരുന്നു, ഭരണം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നായിരുന്നു എന്നായിരുന്നു പാകിസ്താന്റെ ന്യായീകരണം. ഇന്ത്യ ഒരിക്കലും സൈനോ-പാക് കരാറിനെ അംഗീകരിച്ചില്ല. ജമ്മുകശ്മീർ ഒന്നാകെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്, അതിന്റെ ഒരു ഭാഗവും ആർക്കും വിട്ടുകൊടുക്കാൻ പാകിസ്താന് അവകാശമില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്.

കഴിഞ്ഞ വർഷം ശക്സ്ഗാം താഴ്വരയിൽ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തിയതിനെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ശക്തിയായി വിമർശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ മാറ്റിമറിക്കാനുള്ള അനധികൃത ശ്രമമാണെന്ന് ഇന്ത്യ ചൈനയോടു പരാതിപ്പെടുകയും രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ എന്തു നടപടി സ്വീകരിക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. 1970-കളിൽ ചൈന ഈ പ്രദേശത്ത് കാറക്കോറം ഹൈവേ നിർമിച്ചു. പിന്നീട് അത് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ പ്രധാനഭാഗമായി. ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തികവും സൈനികവുമായ സഹകരണത്തിൽ നിർണായകസ്ഥാനം ഈ പാതയ്ക്കുണ്ട്. മാത്രമല്ല, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ് ഗിൽഗിത് ബാൾട്ടിസ്താൻ. ഇവിടെ 62 ബില്യൻ ഡോളറാണ് ചൈന മുടക്കിയിട്ടുള്ളത്. അതിനാൽ നോക്കി നിൽക്കാൻ അവർക്കാവില്ല.

നിലവിലെ സാഹചര്യത്തിൽ പാക്കധീന കശ്മീരും ഗിൽഗിത് ബാൾട്ടിസ്താനും സൈനികബലം പ്രയോഗിച്ച് ഇന്ത്യയിൽ ലയിപ്പിക്കുന്നത് ഏറെക്കുറെ അചിന്ത്യമാണ്. യുക്രൈനിലും ഇറാനിലും കാണുന്ന പോലെ യുദ്ധം തുടങ്ങാൻ എളുപ്പമാണ്, അവസാനിപ്പിക്കുക കഠിനവും. 2047-ൽ വികസിത ഭാരതം സ്വപ്നം കാണുന്നവർക്ക് യുദ്ധം വലിയ പ്രതിബന്ധമാണ്. നയതന്ത്ര, നിയമ നടപടികളിലൂടെ കഴിയുന്നത്ര കാര്യങ്ങൾ നേടിയെടുക്കുന്നതിനാവും ഊന്നൽ. സ്വന്തം നിലയ്ക്ക്് ഛിന്നഭിന്നമായി കൊണ്ടിരിക്കുന്ന പാകിസ്താനെ ഒരു കൈ 'സഹായിച്ചാൽ' മതിയാവും. ഭീകരവാദത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ ഇന്ത്യ മിക്കവാറും വിജയിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ അവരുടെ സൈന്യത്തിന്റെ ആത്മവീര്യം തകർക്കുകയും ചെയ്തു.

എങ്കിലും ഏത് അപ്രതീക്ഷിത സംഭവവികാസത്തെയും നേരിടാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ആയിരക്കണക്കിന് കോടികൾ ചെലവിട്ട് വാങ്ങുന്ന യുദ്ധവിമാനങ്ങളും പ്രതിരോധസംവിധാനങ്ങളും അതിർത്തികളിലെ ജാഗ്രതയും അതിന് തെളിവാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിപ്രി (സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഏതാണ്ട് 190 ആണവായുധങ്ങളിൽ പന്ത്രണ്ടെണ്ണം പതിവിനു വിരുദ്ധമായി യുദ്ധസജ്ജമായി വിന്യസിച്ചിരിക്കുകയാണ്. ഒരു സാധ്യതയും ഇന്ത്യ തള്ളിക്കളയുന്നില്ല എന്നർത്ഥം.

1947ൽ മതത്തിന്റെ പേരിൽ ഈ ഭൂമി സ്വന്തമാക്കിയ പാകിസ്താൻ, പഞ്ചാബിലും സിന്ധിലുമുള്ള ജനങ്ങൾക്ക് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങൾ പോലും കശ്മീരികൾക്ക് നിഷേധിക്കുകയാണെന്നത് വലിയ വൈരുദ്ധ്യമാണ്. ഭാഷയും സംസ്‌കാരവും സ്വത്വവും അഭിമാനവും അടിച്ചമർത്തുമ്പോൾ ജനങ്ങൾ എത്രകാലം വെച്ചുപൊറുപ്പിക്കുമെന്ന് കണ്ടറിയണം. ബംഗ്ലാദേശ് ചരിത്രം പാകിസ്താന് മുന്നറിയിപ്പ് മാത്രമല്ല, ഒരു പാഠവുമാവണം. ഒരു രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ മതം മാത്രം പോരെന്ന പാഠം.