ലണ്ടന്‍: യുകെയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ രണ്ടാമത് ദേശീയ സമ്മേളനം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ ന്യൂബറി പാര്‍ക്ക് ഹൗസ് സ്‌കൂളില്‍ നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തില്‍ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. 

To advertise here,

കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ തുടക്കം കുറിച്ച സമ്മേളനം കൈരളി യു കെ യുടെ പ്രസിഡന്റ് പ്രിയ രാജന്‍ അധ്യക്ഷത വഹിച്ചു. കൈരളി നാളിതുവരെ യുകെ മലയാളികള്‍ക്കിടയി ലും നാട്ടിലുമായി നടത്തിയ പ്രവര്‍ത്തനം ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബ് വിശദീകരിച്ചു. സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എഐസി സെക്രട്ടറി ജനേഷ് സി, ആര്‍.സി.എന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ലിയോസ് പോള്‍, എംഎയുകെ പ്രസിഡന്റ് ശ്രീജിത്ത്, എസ്എഫ്‌ഐയുകെ ജോയിന്റ് സെക്രട്ടറി വിശാല്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി യുകെ ഏര്‍പ്പെടുത്തിയ എക്‌സ് എംപ്ലര്‍ അവാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ രോഗികള്‍ക്ക് വിദേശ മാതൃക ട്രെയിനിങ്ങിന് നേതൃത്വം നല്‍കിയ ബിജോയ് സെബാസ്റ്റ്യന്‍, മോണ, മിനിജ, മേരി ജോര്‍ജ് എന്നിവര്‍ക്കും, വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച കൈരളി ഹീത്രൂ യൂണിറ്റിനും, വഞ്ചിനാട് കിച്ചണും, ഗവേഷകനും വിദ്യാഭ്യാസ വിദഗ്ധനും ആയ മെഹമൂദ് കൂരിയ, പ്രശസ്ത പ്രവാസി എഴുത്തുകാരി ഐശ്വര്യ കമല എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. 

വെസ്റ്റ് ബെര്‍ക്ഷെയര്‍ യൂണിറ്റ് പ്രസിഡന്റ് ജെയ്‌സന്‍ പോള്‍ സ്വാഗതം ആശംസിച്ച സാംസ്‌കാരിക സമ്മേളനത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ വരുണ്‍ ചന്ദ്രബാലന്‍ നന്ദി പറഞ്ഞു. 

അലോഷി ആദംസും സംഘവും ഗസല്‍ ഗാനങ്ങള്‍ ഒരുക്കി. സ്റ്റേജ് പരിപാടികള്‍ക്ക് പ്രവീണ്‍, വിമി, ഐശ്വര്യ, ലിമി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് ഡികെഎംഎസ് ഒരുക്കിയ സ്റ്റെന്‍സില്‍ ഡോണര്‍ സ്റ്റാളും, കേംബ്രിഡ്ജ് യൂണിറ്റ് ഒരുക്കിയ റോബോട്ടിക് സ്റ്റാളും, പുസ്തക പ്രദര്‍ശനത്തിനും വില്പനക്കുമായി ഒരുക്കിയ സ്റ്റാളുകളും, അലങ്കാര ചെടികളുടെയും വിവിധ ഇനം പച്ചക്കറി തൈകളുടെയും സൗജന്യ വില്പനയും പ്രദര്‍ശവും, കൈരളിയുടെ നാള്‍വഴികള്‍ എന്ന ചരിത്ര പ്രദര്‍ശനവും കൂടാതെ സിഗ്‌നേച്ചര്‍ ക്യാമ്പയിനും ഒരുക്കിയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിനാളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. അവര്‍ക്കെല്ലാം വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കൈരളിയുടെ വെസ്റ്റ് ബെര്‍ക്ഷെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു. പരിപാടിയുടെ പ്രചരണത്തിനായി നിതിന്‍ രാജ് ജെയ്‌സന്‍ പോള്‍, എന്നിവരുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ നീണ്ടു നിന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, നവീന്‍, ശ്രീജിത്ത്, വിഷ്ണു, റെന്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് വേദിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കൈരളിയുടെ ചരിത്രത്തില്‍ മറ്റൊരു കയ്യൊപ്പുചാര്‍ത്തിയാണ് ആദ്യദിവസത്തെ പരിപാടികള്‍ സമാപിച്ചത്.