ന്യൂഡൽഹി:  ഫ്രാൻസിലെ ദസ്സോ ഏവിയേഷന്റെ ഫാൽക്കൺ 2000  ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി സഹകരിച്ച് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ധാരണയായതായി ഇരു കമ്പനികളും ബുധനാഴ്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വിമാന നിർമാണത്തിന് നാഗ്പുരിലാകും ഉത്പാദന കേന്ദ്രം തുടങ്ങുക. 

To advertise here,

പാരിസ് എയർ ഷോയിൽ വെച്ചായിരുന്നു ഇരുകമ്പനികളും സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.  ഇതോടെ ആഗോള വിപണി ലക്ഷ്യമിട്ട് ബിസിനസ് ജെറ്റുകൾ നിർമ്മിക്കുന്ന യു.എസ്., ഫ്രാൻസ്, കാനഡ, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്.

ദസ്സോ, ഫാൽക്കൺ 2000 ജെറ്റുകൾ ഫ്രാൻസിന് പുറത്ത് നിർമ്മിക്കുന്നത് ആദ്യമായാണെന്ന് പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ ജെറ്റുകൾ 2028 ഓടെ കോർപ്പറേറ്റ്, സൈനിക ആവശ്യങ്ങൾക്കായി കൈമാറാൻ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി. വാർത്തകൾക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 5% ഉയർന്നു.