ഭോപാല്‍: ടിടിഇ ചമഞ്ഞ് ട്രെയിനില്‍ ടിക്കറ്റ് പരിശോധന നടത്തുകയും യാത്രക്കാരില്‍നിന്ന് പണം തട്ടുകയുംചെയ്ത സൈനികന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സൈനികനായ കമല്‍ പാണ്ഡേ എന്നയാളെയാണ് റെയില്‍വേ സംരക്ഷണ സേന(ആര്‍പിഎഫ്) ട്രെയിനില്‍നിന്ന് പിടികൂടിയത്. ഇയാളെ പിന്നീട് ഗ്വാളിയോറിലെ റെയില്‍വേ പോലീസിന് കൈമാറി. പ്രതിയില്‍നിന്ന് 1620 രൂപ പിടിച്ചെടുത്തതായും പ്രതി സൈനികനാണെന്നും ഗ്വാളിയോര്‍ റെയില്‍വേ പോലീസ് പറഞ്ഞു.

To advertise here,

പൂണെ-ജമ്മുതാവി ഝലം എക്‌സ്പ്രസിലാണ് സൈനികന്‍ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. സാധാരണ വേഷത്തിലെത്തിയ ഇയാള്‍ ടിടിഇയാണെന്ന് പറഞ്ഞ് ടിക്കറ്റ് പരിശോധിക്കുന്നതിന്റെയും യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ യാത്രക്കാരിലൊരാള്‍ പങ്കുവെച്ചിരുന്നു. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരോട് പണം നല്‍കിയാല്‍ ബെര്‍ത്ത് നല്‍കാമെന്നും പ്രതി വാഗ്ദാനംചെയ്തിരുന്നു. ടിടിഇ ചമഞ്ഞ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് റെയില്‍വേ ഹെല്‍പ്പ്‌ലൈനായ 139-ലും പരാതി ലഭിച്ചു. തുടര്‍ന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗ്വാളിയോര്‍ സ്‌റ്റേഷനില്‍ ഇറക്കിയ ഇയാളെ പിന്നീട് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ സൈനികനായ പ്രതി എന്തിനാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു.