ഗുവാഹത്തി: ഫെയ്‌സ്ബുക്കില്‍ കമന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണര്‍ വര്‍നാലി ദേക മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവര്‍ത്തി എന്ന യുവാവ് സ്‌മൈലി ഇമോജി ഇട്ടതിനാണ് കേസെടുത്തത്.
വര്‍നാലി ദേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമിതിനെ തന്റെ വീടിന് 273 കിലോമീറ്റര്‍ അകലെയുള്ള കൊക്രാജര്‍ കോടതിയിലേക്ക് വിളിച്ചുവരുത്തി. സൈബര്‍ സ്‌പെയ്‌സില്‍ ശല്ല്യം ചെയ്‌തെന്നും അപകീര്‍ത്തികരമായ കമന്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അമിത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് വര്‍നാലി കേസ് നല്‍കിയത്.
വര്‍നാലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നരേഷ് ബരുവ എന്ന വ്യക്തിയാണ് 'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന് കമന്റ് ചെയ്തത്. ഈ കമന്റിന് പ്രതികരണമായി അമിത് ലാഫിങ് ഇമോജി ഇടുകയായിരുന്നു. ബരുവയുടെ കമന്റിന് താഴെ 'നിങ്ങളുടെ പ്രശ്‌നം എന്താണ്?' എന്ന് വര്‍നാലി തിരിച്ച് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അമിതിനേയും ബരുവയേയും കൂടാതെ അബ്ദുല്‍ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി കേസ് നല്‍കിയിട്ടുണ്ട്.
തന്റെ പോസ്റ്റിന്റേയും അതിന് താഴെ വന്ന കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ വര്‍നാലിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. തന്നെ അധിക്ഷേപിക്കുന്നതിന് പകരം ജോലിയില്‍ ശ്രദ്ധിക്കൂവെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും വര്‍നാലി അമിതിന് മുന്നറിയിപ്പ് നല്‍കുന്നതും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.
വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റിന് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അമിത് പറയുന്നു. അതിന് ഇപ്പോള്‍ താന്‍ ജാമ്യം എടുക്കേണ്ട അവസ്ഥയാണെന്നും അമിത് വ്യക്തമാക്കി.
'ജനുവരി 23-ന് കൊക്രാജര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ എന്നെ വിളിച്ച് ഹാജരാകാന്‍ പറഞ്ഞു. എന്താണ് കേസ് എന്നുപോലും സൂചന നല്‍കിയില്ല. തുടര്‍ന്ന് അഭിഭാഷകനായ സുഹൃത്തിനെ ബന്ധപ്പെട്ടു. സുഹൃത്താണ് കേസ് എന്താണെന്ന് അന്വേഷിച്ച് പറഞ്ഞുതന്നത്. വളരെ നിസാരമായ കാര്യത്തിന് ഒരു ഐഎഎസ് ഓഫീസര്‍ ഇത്രയും ശക്തമായ നടപടി എടുക്കാന്‍ എങ്ങനെ സമയം കണ്ടെത്തിയെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ലാഫിങ് ഇമോജിയുടെ പേരില്‍ എന്തുമാത്രം കാര്യങ്ങളാണ് ഞാന്‍ സഹിച്ചത്. കേസിനെ കുറിച്ച് എനിക്ക് മറ്റൊന്നും അറിയില്ല.'- അമിത് വ്യക്തമാക്കി.
Content Highlights: facebook comment makes trouble
Published: 14 Feb 2025, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented