ജമ്മു: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉപദേശകനായേക്കും. പ്രാദേശിക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറേയും ഭരണകൂടത്തേയും സഹായിക്കുക എന്നതാണ് ഷാ ഫൈസലിന്റെ കര്‍ത്തവ്യം.

To advertise here,

ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങളിൽ സാധാരണക്കാരുടെ മരണനിരക്ക് ഉയരുന്ന സമയത്താണ് ഷാ ഫൈസല്‍ പുതിയ ദൗത്യമേറ്റെടുക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള നാല് പേര്‍ ഉള്‍പ്പെടെ ഏഴ് സാധാരണക്കാരെയാണ് അഞ്ചു ദിവസത്തിനുള്ളില്‍ ഭീകരവാദികള്‍ കൊന്നത്. 

2009 ഐഎഎസ് ബാച്ചിലെ ഒന്നാം റാങ്കുകാരനായ ഷാ ഫൈസല്‍ 2019 ജനുവരിയില്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങളിലും സൈനിക അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ചായിരുന്നു രാജി. തുടര്‍ന്ന് ഓഗസ്റ്റില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മന്റ് (ജെകെപിഎം) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് അടക്കമുള്ളവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്. അതിനുശേഷം ഷാ ഫൈസല്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയപ്പോള്‍ ഷാ ഫൈസല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് 2019-ല്‍ തുര്‍ക്കിയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. തടങ്കലില്‍ വെയ്ക്കുകയും പൊതു സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് ജൂണിലാണ് വിട്ടയച്ചത്. 

Content Highlights: Ex-IAS Officer Shah Faesal Likely to be Appointed Advisor to J&K LG Manoj Sinha