ചെന്നൈ: സ്വത്തിനുവേണ്ടി മക്കളുടെ സമ്മര്‍ദം മുറുകിയപ്പോള്‍ വിമുക്തഭടന്‍ ആധാരം ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്കയായി അര്‍പ്പിച്ചു. നാലുകോടി രൂപ വിലമതിക്കുന്നവസ്തു ക്ഷേത്രത്തിന് കൊടുക്കുകയാണെന്ന കുറിപ്പും അതിന്റെ കൂടെയിട്ടു.

To advertise here,

തിരുവണ്ണാമലയിലെ പടവീടിലുള്ള രേണുകാംബാള്‍ അമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരംതുറന്ന് പരിശോധിച്ചപ്പോഴാണ് വസ്തുവിന്റെ ആധാരവും അത് ഇഷ്ടദാനംചെയ്യുകയാണെന്ന കുറിപ്പും ലഭിച്ചത്.

ആരണിക്കടുത്ത് കേശവദാസപുരം സ്വദേശി എസ്. വിജയനാണ് (65) സ്വത്ത് ക്ഷേത്രത്തിനുനല്‍കാന്‍ തീരുമാനിച്ചത്. കരസേനയില്‍നിന്ന് വിരമിച്ച വിജയന്‍ അധ്യാപികയായിരുന്ന ഭാര്യ കസ്തൂരിയുമായി പിണങ്ങി തനിച്ചുതാമസിക്കുകയാണ്. രണ്ടുപെണ്‍മക്കളുടെ കല്യാണം നേരത്തേ കഴിഞ്ഞു. സ്വത്ത് എഴുതിത്തരണം എന്നുപറഞ്ഞ് പെണ്‍മക്കള്‍ ശല്യപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് രേണുകാംബാളുടെ ഭക്തനായ വിജയന്‍ പറയുന്നു. ക്ഷേത്രത്തിന് അടുത്തുതന്നെ രണ്ടിടത്തായിട്ടുള്ള വീടുംസ്ഥലവുമാണ് ദാനംചെയ്യാന്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം ഭണ്ഡാരം തുറക്കുന്ന വിവരമറിഞ്ഞ് ആധാരം തിരികെചോദിക്കാന്‍ വിജയന്റെ ഭാര്യയും മക്കളും ക്ഷേത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍, ഭണ്ഡാരത്തിലിട്ട സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലെന്നതാണ് കീഴ് വഴക്കമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.