നാഗ്പുര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ഉത്തരവിട്ടത്. അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

To advertise here,

2017-ല്‍ വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ശാരീരിക അവകതകളെ തുടര്‍ന്ന് വീല്‍ചെയറിലായ ജി.എന്‍.സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. കേസില്‍ നേരത്തെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയ മറ്റു അഞ്ചുപേരെയും ഹൈക്കോടതി വെറുതെവിട്ടിട്ടുണ്ട്. ഇതില്‍ ഒരാള്‍ അപ്പീല്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെ മരിച്ചു. ഇവര്‍ മറ്റേതെങ്കിലും കേസുകളില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ ജയില്‍ മോചിതരാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017-ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.