വൃത്തികെട്ട മാനസികാവസ്ഥയും തരംതാണ രാഷ്ട്രീയവും കളിക്കുന്ന ഒരാളുടെ പരാതിയിലാണ് തങ്ങളുടെ കുടുംബത്തിനെതിരേ പോലീസ് കേസെടുത്തതെന്ന് മുസ്തഫ പറയുന്നു

അഖീല്‍ അക്തര്‍, പിതാവ് മുഹമ്മദ് മുസ്തഫ, മാതാവ് റസിയ സുല്‍ത്താന
ചണ്ഡീഗഢ്: മകന്‍ അഖില്‍ അക്തറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചുള്ള പരാതിയില്‍ പഞ്ചാബ് മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുന്‍ മന്ത്രിയുമായ റസിയ സുല്‍ത്താനയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമെതിരേ ഹരിയാണ പോലീസ് കേസെടുത്തിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അഖില്‍ അക്തര്‍ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പരാതിയായി എത്തിയതിനു പിന്നാലെയാണ് നടപടി. തന്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്നുമടക്കം ഞെട്ടിക്കുന്ന ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. എന്നാല്‍, തനിക്കും കുടുംബത്തിനുമെതിരേയുള്ള ആരോപണങ്ങള്‍ മുസ്തഫ നിഷേധിച്ചു. വരുംദിവസങ്ങളില്‍ സത്യം ജനങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുമെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നുണ്ട്.
മകന്‍ കഴിഞ്ഞ 18 വര്‍ഷമായി മയക്കുമരുന്നിന് അടിമയാണെന്നാണ് മുന്‍ ഡിജിപി പറയുന്നത്. ദെഹ്‌റാദൂണിലെ വെല്‍ഹാം ബോയ്‌സ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അഖില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ചണ്ഡിഗഢിലെ പല സ്‌കൂളുകളില്‍നിന്നും അവനെ പുറത്താക്കിയിരുന്നു. 2007 മുതല്‍ അവനെ ലഹരിമുക്തനാക്കാന്‍ ശ്രമിച്ചു. പല ചികിത്സകളും നല്‍കിയെങ്കിലും അവന്‍ പഴയ അവസ്ഥയിലേക്കുതന്നെ മടങ്ങി. സൈക്കോസിസ് കാരണം പലതും ഭാവനയില്‍ കാണാന്‍ തുടങ്ങി. മയക്കുമരുന്നിനുള്ള പണത്തിനായി അമ്മയെയും ഭാര്യയെയുംവരെ ഉപദ്രവിച്ചു. ഒരു ഘട്ടത്തില്‍ തങ്ങളുടെ വീടിന് തീയിടുകപോലും ചെയ്തു. പലതവണ പോലീസില്‍ പരാതി നല്‍കിയതാണ്. എന്നാല്‍, സ്വന്തം രക്തമാണല്ലോ എന്ന പരിഗണനവെച്ച് കേസുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്നും മുസ്തഫ പറഞ്ഞു.
അഖിലിനെ ലഹരിയില്‍നിന്ന് മുക്തനാക്കാൻ കിണച്ചു ശ്രമിച്ചിട്ടും നടന്നില്ലെന്ന് അദ്ദേഹം പറയുകയുന്നു. വീടിനകത്ത് ഒതുക്കിനിര്‍ത്താനും ശ്രമിച്ചു. പക്ഷേ, അതെത്ര കാലമെന്നത് വെല്ലുവിളിയായിരുന്നു. പിന്നീട് അവനും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും വാടകവീട് പോലും എടുത്തുകൊടുത്തു. തന്റെ ഭാര്യയെ, അതായത് അവന്റെ അമ്മയെ ആക്രമിക്കുന്നതു കണ്ട്, അവന്റെ മകന്‍പോലും വിഷാദത്തിനടിമപ്പെട്ടു. അവന്റെ ഭാര്യയെ കുറ്റം പറയുന്നവരുണ്ട്. അവള്‍ അനുഭവിച്ചതെന്തെന്ന് തങ്ങള്‍ക്ക് മാത്രമേ അറിയൂവെന്നും മുസ്തഫ പറഞ്ഞു. മാതാപിതാക്കള്‍ക്ക് പുറമേ, അഖിലിന്റെ ഭാര്യയ്ക്കും സഹോദരിക്കുമെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഖിലിന്റെ ലഹരിവിമുക്ത ചികിത്സയുടെ രേഖകള്‍ കൈയിലുണ്ടെന്നും അവ അന്വേഷണ സംഘത്തിന് മുന്‍പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സര്‍വീസിലിരിക്കേ, തന്റെ സുരക്ഷാ സംഘത്തെയും ഗണ്‍മാന്‍മാരെയും മകന്‍ ആക്രമിച്ചിരുന്നു. അതുകാരണം അവര്‍ ജോലിയുപേക്ഷിച്ചുപോയി. പോലീസുകാരെയും ആക്രമിച്ചിട്ടുണ്ട്. സൈക്കോട്രോപിക് മരുന്നുകള്‍ക്ക് അടിമയായിരുന്നു അവൻ. റെക്കോഡ് ചെയ്യുന്ന വീഡിയോകളുടെ സമയമോ തീയതിയോ പോലും ഓര്‍ക്കുമായിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം അതൊക്കെ അവന്‍തന്നെ പിന്‍വലിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേസിനു പിന്നിലെ രാഷ്ട്രീയവും മുസ്തഫ ആരോപിക്കുന്നു. പഞ്ചാബിലെ മലേര്‍കോട്‌ല സ്വദേശിയായ ഷംസുദ്ദീന്‍ ചൗധരി എന്ന വ്യക്തിയാണ് അഖിലിന്റെ ചില വീഡിയോകള്‍ മുന്‍നിര്‍ത്തി പോലീസില്‍ പരാതി നല്‍കിയത്. മലേര്‍കോട്‌ലയില്‍നിന്നുള്ള ആംആദ്മി പാര്‍ട്ടി എംഎല്‍എ മുഹമ്മദ് ജമീലുര്‍റഹ്‌മാന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റാണ് ഇദ്ദേഹം. കൈക്കൂലിയും കോഴയും വാങ്ങിയതിന്റെ പേരില്‍ പിന്നീട് എഎപിയില്‍നിന്ന് പുറത്താക്കി. വൃത്തികെട്ട മാനസികാവസ്ഥയും തരംതാണ രാഷ്ട്രീയവും കളിക്കുന്ന ഒരാളുടെ പരാതിയിലാണ് തങ്ങളുടെ കുടുംബത്തിനെതിരേ പോലീസ് കേസെടുത്തതെന്ന് മുസ്തഫ പറയുന്നു. പരാതി ലഭിച്ചാല്‍ എഫ്‌ഐആറിടേണ്ടത് പോലീസിന്റെ ബാധ്യതയാണ്. എന്നാല്‍, ഒരു കുറ്റം തെളിഞ്ഞു എന്ന് അതുകൊണ്ട് അര്‍ഥമാക്കുന്നില്ല. ഇനിയാണ് യഥാര്‍ഥ അന്വേഷണം ആരംഭിക്കേണ്ടത്. സത്യം ജനങ്ങള്‍ക്ക് മുന്‍പില്‍ ബോധ്യപ്പെടും. മകന്റെ മരണത്തില്‍ തകര്‍ന്ന അവസ്ഥയിലാണെങ്കിലും ഈ ആരോപണങ്ങള്‍ക്കെതിരേ ശക്തമായി പോരാടുമെന്നും അദ്ദേഹം പറയുന്നു.
അഖിലിന്റെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന വീഡിയോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് കേസിന് തുടക്കമായത്. ഓഗസ്റ്റില്‍ റെക്കോഡ് ചെയ്തതെന്ന് പറയപ്പെടുന്ന വീഡിയോയില്‍ തന്റെ ഭാര്യക്ക് പിതാവുമായി അവിഹിത ബന്ധമുണ്ടെന്നും അത് കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദം അനുഭവിക്കുകയാണെന്നും അഖില്‍ പറയുന്നുണ്ട്. അമ്മയും സഹോദരിയും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിക്കുന്നു. കുടുംബം കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയോ കൊല്ലുകയോ ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍, പിന്നീട് പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ മുന്‍പ് പറഞ്ഞ പലതും തെറ്റും തന്റെ മാനസികാസ്വാസ്ഥ്യംമൂലം സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. ഇത്രയും നല്ലൊരു കുടുംബത്തെ ലഭിച്ചതില്‍ ഭാഗ്യവാനാണെന്നും ഇതിൽ പറയുന്നുണ്ട്.
ഒക്ടോബര്‍ 16-ന് രാത്രി പഞ്ച്കുളയിലെ വസതിയില്‍ വെച്ചാണ് അഖില്‍ മരിക്കുന്നത്. അഖിലിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത് കുടുംബാംഗങ്ങളാണ്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് അവര്‍ പറഞ്ഞത്. ബ്യൂപ്രെനോര്‍ഫിന്‍ എന്ന മരുന്ന് അമിതമായി കുത്തിവെച്ചാണ് മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ചയാള്‍ കഴിച്ചതെന്തെന്ന് തിരിച്ചറിയാന്‍ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ചിട്ടുണ്ട്.
2021-ല്‍ പഞ്ചാബ് ഡിജിപിയായി വിരമിച്ച മുസ്തഫ, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നാലുതവണ നേടിയിട്ടുണ്ട്. ഭാര്യ റസിയ സുല്‍ത്താന, പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലേര്‍കോട്‌ലയില്‍നിന്ന് മൂന്നുതവണ എംഎല്‍എം മന്ത്രിയുമായിട്ടുണ്ട്. 2022-ല്‍ എഎപിയുടെ റഹ്‌മാനോട് പരാജയപ്പെട്ടു. മകള്‍ നിഷാന്ത് അക്തറും കോണ്‍ഗ്രസ് നേതാവാണ്. വിരമിച്ചതിനു പിന്നാലെ മുസ്തഫയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Content Highlights: Haryana Police Books Former Punjab DGP, Wife in Son's Alleged Murder Case
Published: 22 Oct 2025, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented