ചെന്നൈ:  ഇഒഎസ്-09  ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം . ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന്‌ ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09.  പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.

placeholder
ഇന്ത്യയുടെ ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എല്‍വി സി61 കുതിച്ചുയരുന്നതിന്റെ ദൃശ്യം | ഫോട്ടോ: വി. രമേശ്/ മാതൃഭൂമി
 

വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്.  22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ചിരുന്നു. 

1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറാന്‍ ഇഒഎസ്-09ന് കഴിയുമായിരുന്നു.

റഡാര്‍ ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയില്‍പ്പെട്ട ഇഒഎസ്-09-ന് നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു പേരിട്ടിരുന്നത്. പിഎസ്എല്‍വിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയാണിത്.