സിന്ധുദുർഗ്: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ കത്തിനിൽക്കെ പ്രതികരണവുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. മറാത്ത യോദ്ധാവിന്റെ (ഛത്രപതി ശിവജി) കാലിൽ തലവെച്ച് നൂറ് തവണ മാപ്പ് അപേക്ഷിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ തകർന്നതിൽ ഉപമുഖ്യമന്ത്രി അജിത് പവാർ കഴിഞ്ഞദിവസം ക്ഷമാപണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഷിന്ദേയുടെ പ്രതികരണം. വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട അദ്ദേഹം, എത്രയുംവേ​ഗം പുതിയ പ്രതിമ നിർമിക്കാനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും പറഞ്ഞു.  

To advertise here,

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും ഷിന്ദെ അറിയിച്ചു.   
ഛത്രപതി ശിവജിയുടെ പ്രതിമകൾ നിർമിച്ച് പരിചയസമ്പന്നരായ ശിൽപികളേയും എൻജിനീയർമാരേയും നാവികസേന ഉദ്യോ​ഗസ്ഥരേയും ഉൾപ്പെടുത്തി മറ്റൊരു കമ്മിറ്റി  ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചതെന്നും വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നുമാണ് ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടത്. 

പ്രതിമയുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തിയതെന്നുമായിരുന്നു എന്‍.സി.പി (ശരദ് പവാര്‍) സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീലിന്റെ ആരോപണം. ശിവസേന (ഉദ്ദവ് താക്കറെ പക്ഷം) എം.എല്‍.എ വൈഭവ് നായിക് അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിന്ധുദുർഗ് ജില്ലയിൽ മൽവാനിലെരാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണത്. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. 

തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി മാറി. നാവികസേനാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനംചെയ്തത്. കോട്ടയിൽ നടന്ന ആഘോഷങ്ങളിലും മോദി പങ്കെടുത്തിരുന്നു.