
ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവുമായും അറിയാനുള്ള അവകാശവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. അച്ചടി-ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പല നടപടികളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഡിജിറ്റല്‍ പേഴ്‌സണ്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്റ്റ്, ബ്രോഡ്കാസ്റ്റ് സര്‍വീസസ് റെഗുലേഷന്‍ ബില്‍, പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ആക്റ്റ്, 2021-ലൈ ഐ.ടി. നിയമങ്ങള്‍, 2023-ലെ നിയമഭേദഗതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
'സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ അടിസ്ഥാനതത്വം സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.' -എഡിറ്റേഴ്‌സ് ഗില്‍ഡ് കത്തില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കരട് രൂപവത്കരിച്ചപ്പോഴോ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയപ്പോഴോ വേണ്ടത്ര കൂടിയാലോചനയോ പാര്‍ലമെന്റിലെ സൂക്ഷ്മപരിശോധനയോ ഇല്ലായിരുന്നുവെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് കത്തില്‍ പറഞ്ഞു. പലനിയമങ്ങളും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിപുലമായ അധികാരം നല്‍കുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും രാജ്യത്ത് യാതൊരു സുരക്ഷാകവചവും ഇല്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.
Content Highlights: Editors Guild seeks Rahul Gandhi's support to raise press freedom issues in Parliament
Published: 20 Jul 2024, 09:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented