ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്തെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഒരു പ്രത്യേക വിഷയത്തിൽ രാഹുലിനോട് അഭ്യർഥന നടത്തിയെന്നും വേറെയും ചില പ്രധാന കാര്യങ്ങൾ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ രാഷ്ട്രീയ എതിരാളികളായിരിക്കാം, എന്നാൽ ശത്രുക്കളല്ല. അതിനാൽത്തന്നെ രാജ്യതാത്പര്യത്തിനുവേണ്ടി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണം. എന്നാൽ, പാർലമെന്റ് തീരേ പ്രവർത്തനസജ്ജമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന ഒരു പ്രതിച്ഛായയാണ് അവർ പുറത്തേക്ക് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ആർക്കാണ് നഷ്ടം?’, റിജിജു ചോദിച്ചു.
പാർലമെന്റ് നടപടികൾ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനെതിരേയും റിജിജു വിമർശനമുയർത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാവിലെമുതൽ വൈകീട്ടുവരെ പാർലമെന്റിൽ സജീവമായി പ്രവർത്തിക്കുമ്പോഴാണ് പ്രതിപക്ഷം സഭ നടക്കാൻ അനുവദിക്കാതെ പുറത്ത് മുദ്രാവാക്യം വിളികളുമായി സമയം കളയുന്നത്. രാജ്യതാത്പര്യം മുൻനിർത്തി സഭ തടസ്സമില്ലാതെ നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭ തടസ്സപ്പെടുത്തുന്നതുകൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് കോൺഗ്രസിനും പ്രത്യേകിച്ച് അവരുടെ പുതിയ എം.പി.മാർക്കുമാണ്. ചർച്ചകളിൽ പങ്കടുക്കാനും തങ്ങളുടെ പ്രദേശത്തെ വിഷയങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് അവർക്ക് ഇതിലൂടെ നഷ്ടമാകുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രധാനമന്ത്രിതന്നെ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം ആ വിഷയത്തിൽ നാടകം കളിക്കുകയാണെന്നും റിജിജു ആരോപിച്ചു.
Published: 06 Aug 2026, 06:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented