ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലോട്ടറി രാജാവ്' സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ഏറ്റവുമധികം പണം രാഷ്ട്രീയകക്ഷികള്‍ക്ക് ഒറ്റയ്ക്ക് നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിനായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ പിന്നീട് റദ്ദാക്കിയിരുന്നു. 

To advertise here,

സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. 

സാന്റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ആധവ് അര്‍ജ്ജുന്‍, ഇവരുടെ ബിസിനസ്സ് പങ്കാളികള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള ചെന്നൈ, കോയമ്പത്തൂര്‍, ഹരിയാണയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിവരികയാണെന്നും ഇ.ഡി. സംഘം അറിയിച്ചു.