ന്യൂഡല്‍ഹി: യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായി റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ വാദ്ര ഈ കേസില്‍ ഒന്‍പതാം പ്രതിയാണ്. ആദ്യമായാണ് ഈ കേസില്‍ വാദ്രയെ പ്രതി ചേര്‍ക്കുന്നത്.
അദ്ദേഹത്തെ കൂടാതെ സഞ്ജയ് ഭണ്ഡാരി, സുമിത് ഛദ്ദ, സഞ്ജീവ് കപുര്‍, അനിരുദ്ധ് വാധ്വ, സാന്റെക് ഇന്റര്‍നാഷണല്‍ FZC, ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് FZC, ഷംലാന്‍ ഗ്രോസ്-1 Inc, ചെറുവത്തൂര്‍ ചക്കുട്ടി തമ്പി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കുറ്റപത്രം ഡിസംബര്‍ ആറിന് പരിഗണിക്കും.
ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയിലാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ കേസില്‍ ചോദ്യം ചെയ്യലിനായി കഴിഞ്ഞ മാസം രണ്ട് തവണ ഏജന്‍സി വാദ്രയെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ സമന്‍സില്‍ അസുഖമാണെന്ന് അറിയിച്ചും, പിന്നീട് ഒരു പ്രാദേശിക കോടതിയുടെ അനുമതിയോടെ വിദേശയാത്ര ചെയ്യേണ്ടിവരികയും ചെയ്തതിനാല്‍ അദ്ദേഹം ഹാജരാകേണ്ട തീയതി നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഇഡിയുടെ നിരീക്ഷണത്തിലാണ് വാദ്ര. ഇതില്‍ രണ്ടെണ്ണം ഹരിയാണയിലെയും രാജസ്ഥാനിലെയും ഭൂമിയിടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്. 2008-ലെ ഹരിയാണ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമിയിടപാടിലെ സാമ്പത്തിക ക്രമക്കേടുകളാണ് മറ്റൊരു കേസ്.
2023-ലെ ഒരു കുറ്റപത്രത്തില്‍ ഇഡി റിപ്പോര്‍ട്ട് ചെയ്ത കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2009-ല്‍ ലണ്ടനിലെ 12, ബ്രയന്‍സ്റ്റണ്‍ സ്‌ക്വയറില്‍ സഞ്ജയ് ഭണ്ഡാരി ഒരു സ്വത്ത് വാങ്ങിയെന്നും, വാദ്രയുടെ നിര്‍ദ്ദേശപ്രകാരം അത് പുതുക്കിപ്പണിയുകയും, അതിനുള്ള പണം നല്‍കിയത് റോബര്‍ട്ട് വാദ്രയാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
എന്നാല്‍, ലണ്ടനിലെ സ്വത്തില്‍ നേരിട്ടോ അല്ലാതെയോ യാതൊരു ഉടമസ്ഥാവകാശവും ഇല്ലെന്ന് പറഞ്ഞ വാദ്ര, ആരോപണം ആവര്‍ത്തിച്ച് നിഷേധിക്കുകയാണ് ഉണ്ടായത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തന്നെ 'വേട്ടയാടുകയും ഉപദ്രവിക്കുകയും' ചെയ്യുകയാണെന്ന ആരോപണവും വാദ്ര ഉന്നയിച്ചിരുന്നു.
Content Highlights: Enforcement Directorate files fresh chargesheet against Robert Vadra in a money laundering case linked to UK defence dealer Sanjay Bhandari. Court to consider case on Dec 6. Read details.
Published: 20 Nov 2025, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented