ന്യൂഡൽഹി: ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾവാഹനങ്ങളുടെ ഇന്ധനക്ഷമത ചെറിയ തോതിൽ കുറയ്ക്കുമെന്നു സമ്മതിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇതുവരെ ഇ-20 ഇന്ധനത്തിനെതിരേ നടക്കുന്നത് പൂർണമായും വ്യാജപ്ര ചാരണമാണെന്ന നിലപാടായിരുന്നു ഗഡ്കരിക്ക്.
എഥനോളിന്റെ കാലറിമൂല്യം പെട്രോളിനെക്കാൾ കുറവാണെന്നും ഇന്ധനത്തിൽ എഥനോൾ കലർത്തുമ്പോൾ ശരാശരി ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇ-20 പെട്രോൾ വാഹനങ്ങളുടെ എൻജിനും മറ്റു ഘടകഭാഗങ്ങളും തകരാറിലാക്കുമെന്ന വാദം അസംബന്ധമാണെന്ന് അദ്ദേഹം അവർത്തിച്ചു.
ഊതിപ്പെരുപ്പിച്ച ആഖ്യാനങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നത്. എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നതുമൂലം തകരാറിലായ ഒരൊറ്റ വാഹനം കാട്ടിത്തരാമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. തന്റെ കുടുംബത്തിന് പഞ്ചസാര നിർമാണശാലകളുണ്ടെന്ന് ഗഡ്കരി സമ്മതിച്ചു. എന്നാൽ അവയൊന്നും നിലനിൽപ്പിനായി എഥനോൾ നിർമാണത്തെ ആശ്രയിക്കുന്നില്ലെന്നും അവകാശപ്പെട്ടു.
ഇ-20 പെട്രോൾ ചില വാഹനങ്ങളിൽ ഇന്ധനക്ഷമത 3-5 ശതമാനം കുറയാൻ കാരണമാകുമെന്ന് കേന്ദ്ര എണ്ണ മന്ത്രാലയവും വെള്ളിയാഴ്ച വ്യക്തമാക്കി. എന്നാൽ ഉയർന്ന ഒക്ടേൻ റേറ്റിങ്, വേഗത്തിലുള്ള ജ്വലനം, മികച്ച പിക്കപ്പ്, സുഗമമായ ആക്സിലറേഷൻ, കുറഞ്ഞ കാർബൺ ബഹിർഗമനം എന്നിവയുൾപ്പെടെയുള്ള ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ടു.
ഇ-20 പെട്രോളിനെതിരേയുള്ള വിമർശനങ്ങളെ ചെറുക്കുന്നതിനായി എണ്ണമന്ത്രാലയം വിശദമായ ചോദ്യോത്തര രേഖയാണ് പുറത്തിറക്കിയത്. ശുദ്ധമായ പെട്രോളിനേക്കാൾ കൂടുതൽ വൃത്തിയുള്ളതും ഉയർന്ന നിലവാരമുള്ളതും കൂടുതൽ കാര്യക്ഷമവുമായ ഇന്ധനമാണ് ഇ-20 പെട്രോളെന്ന് രേഖയിൽ അവകാശപ്പെടുന്നു. വർഷങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കും വാഹനനിർമാതാക്കളുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് ഇത് പുറത്തിറക്കിയത്.
ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനും വായുമലിനീകരണം കുറയ്ക്കാനും കർഷകരെ സഹായിക്കാനും ഇത് ഉപകരിക്കും. തിടുക്കപ്പെട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണം മന്ത്രാലയം തള്ളി. എഥനോൾ മിശ്രിതസംരംഭം 2001ൽ ആരംഭിച്ച പൈലറ്റ് പദ്ധതികളിലാണ്. 2006-ഓടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അഞ്ചു ശതമാനം മിശ്രിതം അവതരിപ്പിച്ചു. 2014 വരെ എഥനോൾ മിശ്രിതം 1.5 ശതമാനമായി തുടർന്നു.
നിശ്ചയിച്ചതിൽ നേരത്തെ തന്നെ 2022ൽ ഇ-10 പെട്രോൾ അവതരിപ്പിക്കാനായി. 2025-26ൽ 20 ശതമാനം ഇന്ധനമിശ്രിതം വിപണിയിലെത്തിച്ചെന്നും മന്ത്രാലയം അറിയിച്ചു. മാരുതി സുസുക്കി, ഹീറോ മോട്ടോർകോർപ് എന്നിവയുൾപ്പെടെയുള്ള വാഹന നിർമാതാക്കൾ ഇ-20 പെട്രോൾ ഉപയോഗിക്കുന്നതുമൂലം വണ്ടികൾക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയരേഖ വ്യക്തമാക്കി.
മൈലേജ് കുറയും, മറ്റു തകരാറുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം
മുംബൈ: ഇരുപത് ശതമാനം എഥനോൾ കലർന്ന പെട്രോളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഇ20 പെട്രോൾ ഉപയോഗിക്കുന്നതുവഴി ചില വാഹനങ്ങളുടെ മൈലേജിൽ മൂന്നു മുതൽ അഞ്ചു ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇന്ധന മിശ്രണം വഴി വാഹനങ്ങൾക്ക് തകരാറുകളുണ്ടാകില്ല. അസാധാരണമായ തേയ്മാനത്തിനും ഇതു കാരണമാകില്ല. ഉയർന്ന ഒക്ടേൻ റേറ്റിങ് ഉള്ള ഇന്ധനമാണ് ഇ 20. അതുകൊണ്ടുതന്നെ എൻജിനിൽനിന്ന് പൊട്ടൽ ശബ്ദങ്ങൾ പോലുള്ള സാഹചര്യവും ഉണ്ടാകില്ല.
വേഗത്തിലെരിയുന്ന, മികച്ച പിക്കപ്പുള്ള, എൻജിൻ പ്രവർത്തനത്തിന്റെ മലിനീകരണം കുറയ്ക്കുന്ന ഇന്ധനമാണിതെന്നും കാർബൺ ബഹിർഗമനം കുറവായിരിക്കുമെന്നും ചോദ്യോത്തര മാതൃകയിലുള്ള മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
നടപ്പാക്കിയത് നീണ്ട പരീക്ഷണങ്ങൾക്കു ശേഷം
വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് പെട്രോളിൽ എഥനോൾ ചേർക്കാനുള്ള തീരുമാനമുണ്ടായത്. തിടുക്കപ്പെട്ട് നടപ്പാക്കിയ ഒന്നല്ല ഇത്. വാഹന നിർമാതാക്കളുമായി ചർച്ചചെയ്തശേഷം എഥനോൾ ലഭ്യത ഉറപ്പാക്കിക്കൊണ്ടാണ് ഇ 20 ഇന്ധനം വിപണിയിലെത്തിച്ചത്.
2001-ൽ പരീക്ഷണ പദ്ധതി തുടങ്ങി. 2006-ൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്രോളിൽ അഞ്ചുശതമാനം വരെ എഥനോൾ ചേർത്തുതുടങ്ങി. എന്നാൽ, 2014 വരെ എഥനോൾ മിശ്രണം 1.5 ശതമാനത്തിലൊതുങ്ങി.
ബയോഇന്ധനം ഉത്പാദിപ്പിക്കുന്നതു സംബന്ധിച്ച് 2018-ൽ സർക്കാർ ദേശീയനയം കൊണ്ടുവന്നശേഷമാണ് ഉത്പാദനം കൂട്ടാനും കൂടുതലളവിൽ പെട്രോളിൽ എഥനോൾ കലർത്താനും തുടങ്ങിയത്. 2022-ൽ പത്തു ശതമാനം മിശ്രണം നടപ്പാക്കി. 2025 - 26 സാമ്പത്തികവർഷമിത് 20 ശതമാനമായി.
പഴയ വാഹനങ്ങൾക്ക് പ്രശ്നമില്ല
പഴയ വാഹനങ്ങളിൽ ഇ 20 ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ട. എൻജിന്റെ കാര്യക്ഷമത, ഇന്ധന സംവിധാനം, വാഹനഘടകങ്ങളുടെ സുരക്ഷ, തുരുമ്പിനെ പ്രതിരോധിക്കൽ, മലിനീകരണം, എന്നിവയെല്ലാം രാജ്യവ്യാപകമായി പരിശോധിച്ചുകൊണ്ടാണ് ഇ 20 ഉപയോഗിക്കാൻ തുടങ്ങിയത്.
മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ് എന്നീ കമ്പനികളുടെ പരിശോധനയിൽ ഇ 20 ഉപയോഗംകൊണ്ട് ഇതുവരെ ഇന്ധന ടാങ്കുകളിലോ യന്ത്രഭാഗങ്ങളിലോ തുരുമ്പ് കണ്ടെത്തിയിട്ടില്ല. മാരുതി സുസുക്കി 2.84 കോടി വാഹനങ്ങൾ 2025 - 26 സാമ്പത്തികവർഷം സർവീസ് ചെയ്തു. ഇതിൽ 1.5 കോടി പഴയ വാഹനങ്ങളായിരുന്നു. ഇതിലൊന്നിലും തുരുമ്പിന്റെ പ്രശ്നം കണ്ടെത്താനായില്ല.
പല അളവിലുള്ള മിശ്രണം എളുപ്പമല്ല
വിവിധ അളവിൽ എഥനോൾ മിശ്രണം ചെയ്ത ഇന്ധനങ്ങൾ പമ്പുകളിൽ ലഭ്യമാക്കുന്നത് പ്രായോഗികമല്ല. രാജ്യവ്യാപകമായി ഇത്തരത്തിൽ വിതരണം ചെയ്യുക ചെലവ് ഗണ്യമായി ഉയർത്തും. ഒരു ലക്ഷത്തോളം പെട്രോൾ പമ്പുകളാണ് രാജ്യവ്യാപകമായുള്ളത്.
വില കുറയില്ല
എഥനോൾ ചേർക്കുന്നതുകൊണ്ട് പെട്രോളിന് വില കുറയണമെന്നില്ല. കമ്പനികൾ വാങ്ങുന്ന എഥനോളിന്റെ വില നിശ്ചിതമാണ്. നിലവിൽ ലിറ്ററിന് 71.86 രൂപയാണ് എഥനോളിനായി കമ്പനികൾ നൽകുന്നത്. കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില ഉറപ്പാക്കാനാണിത്.
അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുമ്പോൾ പെട്രോൾ ലിറ്ററിനു വരുന്ന ചെലവിനേക്കാൾ എഥനോളിന്റെ വില കൂടുതലാകാറുണ്ട്.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കുക, ഇന്ധനവില കുറയ്ക്കുകയെന്നതിലുപരി വിലസ്ഥിരത നിലനിർത്തുക, ഊർജസുരക്ഷ ഉറപ്പാക്കുക എന്നിവയാണ് എഥനോൾ മിശ്രണം വഴി സർക്കാർ ലക്ഷ്യമിടുന്നത്.
ഇതുവരെയുള്ള നേട്ടം 1.97 ലക്ഷംകോടി
എഥനോൾ പെട്രോളിൽ ചേർക്കുക വഴി 2014 മുതൽ ഇതുവരെ വിദേശ വിനിമയത്തിൽ 1.97 ലക്ഷം കോടി രൂപ രാജ്യം ലാഭിച്ചു. 3.16 ലക്ഷം ടൺ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഒഴിവാക്കാനായി. 9.52 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറഞ്ഞു. 1.66 ലക്ഷം കോടി രൂപ കർഷകർക്ക് വരുമാനമായും ലഭിച്ചു.
Content Highlights: E20 petrol causes a 3-5% reduction in fuel efficiency. Official confirmation that engines suffer no long-term damage or corrosion. Higher octane rating provides better acceleration and reduced carbon emissions. The 20% ethanol blend is a strategic move for India's energy security. Over 1.97 lakh crore saved in foreign exchange since 2014 via ethanol blending.
Published: 11 Jul 2026, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented