ന്യൂഡൽഹി: യു.എ.ഇ.യിൽനിന്നെന്ന വ്യാജേന പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപ വിലമതിക്കുന്ന ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) പിടികൂടി. 13 കണ്ടെയ്നറുകളിലായെത്തിയ 364 മെട്രിക് ടൺ വരുന്ന ഉണങ്ങിയ ഈന്തപ്പഴം കാണ്ട്ല തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പാകിസ്താനിൽനിന്ന് പുറപ്പെട്ട ചരക്ക് ദുബായിലെത്തിച്ചശേഷം അവിടെനിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് രാജ്യം തെറ്റായി രേഖപ്പെടുത്തിയാണ് ഇന്ത്യയിലേക്കയച്ചത്.
കഴിഞ്ഞയാഴ്ച തൂത്തുക്കുടി തുറമുഖംവഴി സോമാലിയയിൽനിന്നുള്ള പ്രകൃതിദത്ത റെസിൻ എന്ന വ്യാജേന കടത്താൻ ശ്രമിച്ച 1.4 കോടി രൂപ വിലമതിക്കുന്ന 14 മെട്രിക് ടൺ 'ഗുഗ്ഗുൾ റെസിൻ' ഡി.ആർ.ഐ. പിടിച്ചെടുത്തിരുന്നു. ദുബായ് വഴി കടത്തിയ ഈ ചരക്കും പാകിസ്താനിൽനിന്നുള്ളതാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള നേരിട്ടുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതോടെ മറ്റുരാജ്യങ്ങൾവഴി പാകിസ്താൻ ഉത്പന്നങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇതോടെ കഴിഞ്ഞവർഷം മേയിൽ പാകിസ്താനിൽനിന്ന് നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ ഉത്പന്നങ്ങൾക്കും ഇന്ത്യ നിരോധനമേർപ്പെടുത്തി.
മുൻകാലങ്ങളിൽ ഇന്ത്യ സോയാബീൻ, പച്ചക്കറികൾ, ചുവന്ന മുളക്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യുകയും ഈന്തപ്പഴം, ഡ്രൈ ഫ്രൂട്‌സ്, ജിപ്‌സം, സിമന്റ് എന്നിവ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു.
Published: 06 Aug 2026, 08:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented