ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങള്‍ക്കെതിരായ 'ഗോമൂത്ര സംസ്ഥാനങ്ങള്‍' പരാമര്‍ശം പിന്‍വലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശം മനഃപൂര്‍വ്വമല്ലെന്ന് പറഞ്ഞ സെന്തില്‍കുമാര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. 

To advertise here,

'ഇന്നലെ ഞാന്‍ നടത്തിയ പരാമര്‍ശം മനഃപൂര്‍വ്വമായിരുന്നില്ല. എന്റെ പരാമര്‍ശം ഏതെങ്കിലും ലോക്‌സഭാംഗങ്ങളെയോ ജനവിഭാഗങ്ങളെയോ വേദനിപ്പിച്ചെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ നീക്കം ചെയ്യണെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.' -സെന്തില്‍കുമാര്‍ പറഞ്ഞു. 

പ്രസ്താവന വിവാദമായതോടെ ചൊവ്വാഴ്ച വൈകീട്ട് തന്നെ സെന്തില്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. അനുചിതമായ രീതിയിലൊരു വാക്ക് ഉപയോഗിച്ചുവെന്നും അതില്‍ തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ പരാമര്‍ശം തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. 

സെന്തില്‍കുമാറിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു ലോക്‌സഭയില്‍ പറഞ്ഞു. ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ സെന്തില്‍കുമാറിന് താക്കീത് നല്‍കിയെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് ഇന്നലെ സെന്തില്‍ കുമാര്‍ പറഞ്ഞത്.

പിന്നാലെ സെന്തില്‍ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. രംഗത്തുവന്നു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്നായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. 

സെന്തില്‍കുമാറിന്റെ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. സെന്തില്‍കുമാറിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പ്രതികരിച്ചത്.