ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിന്റെ കാലാവധിയെക്കുറിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ 'മൂന്ന് മാസം' പരാമർശത്തിൽ വിശദീകരണവുമായി ഡിഎംകെ. വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാനോ പിരിച്ചുവിടാനോ തങ്ങൾക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഡിഎംകെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ തങ്കം തെന്നരശ് വ്യക്തമാക്കി. സ്റ്റാലിന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ഭരണകൂടത്തിന്റെ വീഴ്ചകളിൽ ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് സ്റ്റാലിൻ ചെയ്തതെന്ന് ഡിഎംകെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പുതിയ സർക്കാർ അധികാരത്തിലേറി ആറ് മാസത്തേക്ക് തങ്ങൾ വിമർശിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ക്രമസമാധാനനില ഗുരുതരമായ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് നിശബ്ദത പാലിക്കാൻ കഴിയാത്തതിനാലാണ് സ്റ്റാലിൻ പ്രതികരിച്ചത്.

കൊലപാതകം, കവർച്ച, ലഹരിക്കടത്ത്, ലൈംഗിക അതിക്രമങ്ങൾ, പെട്രോൾ ബോംബ് ആക്രമണങ്ങൾ, വൈദ്യുതി തടസ്സം, കർഷക പ്രക്ഷോഭം എന്നിവ സംസ്ഥാനത്ത് പതിവാകുകയാണ്. ഇത്തരം മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സർക്കാർ മൂന്ന് മാസം പോലും തികയ്ക്കില്ലെന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് സ്റ്റാലിൻ സൂചിപ്പിച്ചതെന്ന് തങ്കം തെന്നരശ് വ്യക്തമാക്കി.

ഭരണകക്ഷിയായ ടിവികെയിലെ അംഗങ്ങൾ തന്നെ പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡിഎംകെ ആരോപിച്ചു. സ്വന്തം പാർട്ടിയിലെ പ്രവർത്തകരിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട ഒരു ടിവികെ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെയും ഡിഎംകെ വിമർശിച്ചു. ഈ സംഭവത്തിൽ പ്രതിയായ എംഎൽഎക്കെതിരെ സർക്കാർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഡിഎംകെ ചൂണ്ടിക്കാട്ടി.

സാധാരണയായി പുതിയ സർക്കാരുകൾക്ക് ലഭിക്കാറുള്ള അറുപത് ദിവസത്തെ ആനുകൂല്യം പോലും ഈ സർക്കാരിന് ലഭിക്കുന്നില്ലെന്നും വോട്ട് ചെയ്തവർ പോലും ഒരാഴ്ചയ്ക്കുള്ളിൽ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതാണ് സ്റ്റാലിൻ തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കിയതെന്നും ഡിഎംകെ കൂട്ടിച്ചേർത്തു.