ചെന്നൈ: പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുകയും രാഷ്ട്രീയ സഖ്യങ്ങളെ വഞ്ചിക്കുകയും ചെയ്‌തെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരേ കടുത്ത വിമർശനവുമായി ഡി.എം.കെ. ഐ.ടി. വിഭാഗം വഴിയും പാർട്ടി മുഖപത്രമായ 'മുരസോലി'യിലുമാണ് ഡി.എം.കെ. വിമർശനമുയർത്തിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ തമിഴ്‌നാട്ടിൽ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യത്തിൽനിന്ന് കോൺഗ്രസ് പിന്മാറിയിരുന്നു.

To advertise here,

കോൺഗ്രസ് തിളക്കമുള്ള കളിപ്പാട്ടം കണ്ടപ്പോൾ ധൃതിയിൽ ചാടിപ്പോയെന്നാണ് ഡി.എം.കെ. ഐടി. വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്തത്. അവരുടെ രാഷ്ട്രീയ അതിജീവനത്തിനായി തങ്ങൾ അവരെ തോളിൽ കയറ്റി. എന്നാൽ, പുതിയ കളിപ്പാട്ടം കണ്ടതോടെ അതിദ്രുതം ചാടിപ്പോയി. രാഹുൽ ഒരു വലിയ തമാശയാണെന്നും പോസ്റ്റിൽ വിമർശനമുണ്ട്.

പ്രതിപക്ഷ സഖ്യകക്ഷികൾക്കിടയിൽ ഐക്യം പരസ്യമായി ആവശ്യപ്പെടുകയും അതേസമയം അതിൽത്തന്നെ ഭിന്നത സൃഷ്ടിക്കുന്നതിൽ സംഭാവന ചെയ്യുകയും ചെയ്യുന്നു എന്നതാണ് രാഹുൽ ഗാന്ധിക്കെതിരേ 'മുരസോലി' ഉയർത്തുന്ന വിമർശനം. വിവിധ സംസ്ഥാനങ്ങളിൽ ഐക്യത്തെ ദുർബലപ്പെടുത്തിയതിൽ രാഹുലിനെയും കോൺഗ്രസിനെയും പഴിക്കുന്ന ലേഖനം, ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നതിനാൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് കോൺഗ്രസിന് സംസാരിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്, തമിഴ്‌നാട്ടിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. പിന്നീട് സഖ്യംവിട്ട് വിജയ് നയിക്കുന്ന ടി.വി.കെ. സർക്കാരിൽ ഘടകകക്ഷിയായി ചേർന്നു. ഇതോടെ ദേശീയ തലത്തിലും ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായി. എങ്കിലും ഇന്ത്യാ സഖ്യത്തിലെ മറ്റു പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ പിന്തുണ തുടരുമെന്നും ഡി.എം.കെ. അറിയിച്ചു.