
മുംബൈ: മുംബൈയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ഇതോടെ ഒ.സി.ഐ. കാർഡ് ഉടമകളുടെ അവകാശങ്ങളും നിയന്ത്രണങ്ങളും വീണ്ടും ചർച്ചയാവുകയാണ്.
ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന ധർണ്ണയിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. എസ്.ഐ.ആർ. നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), വിവിധ രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിദേശ പൗരത്വമുള്ള ഒരാൾ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ചോദ്യം ചെയ്ത് ബി.ജെ.പി. നേതാവ് കിരീട് സോമയ്യ പോലീസിലും എഫ്.ആർ.ആർ.ഒ.യിലും പരാതി നൽകുകയായിരുന്നു. സോമയ്യയുടെ പരാതിയെത്തുടർന്നാണ് ഒക്ടോബർ 28-നകം രാജ്യത്തുനിന്ന് പുറത്തുപോകാൻ എഫ്.ആർ.ആർ.ഒ. ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയത്.
എന്താണ് ഒ.സി.ഐ. കാർഡ്?
വിദേശ പൗരത്വമുള്ള അർഹരായ ഇന്ത്യൻ വംശജർക്കായി 2005-ലാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ.) പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചത്. വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യ സന്ദർശിക്കുന്നതിനും താമസിക്കുന്നതിനും നിശ്ചിത പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. പേരിൽ 'സിറ്റിസൺഷിപ്പ്' എന്നുണ്ടെങ്കിലും ഒ.സി.ഐ. എന്നത് ഇരട്ട പൗരത്വമല്ല. ഒ.സി.ഐ. കാർഡുടമ ഒരു വിദേശ പൗരനായിത്തന്നെ തുടരുകയും മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് കൈവശം വെക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ പൗരത്വമോ ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന പൂർണ്ണ അവകാശങ്ങളോ നൽകുന്നില്ല.
അവകാശങ്ങളും നിയന്ത്രണങ്ങളും
വിദേശകാര്യ മന്ത്രാലയത്തിന്റെ (എം.ഇ.എ.) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒ.സി.ഐ. കാർഡ് ഉടമയ്ക്ക് ഇന്ത്യ സന്ദർശിക്കാൻ ആജീവനാന്ത മൾട്ടിപ്പിൾ-എൻട്രി വീസയ്ക്ക് പൊതുവെ അർഹതയുണ്ട്. കൂടാതെ എത്ര കാലം വേണമെങ്കിലും താമസിക്കുന്നതിന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (എഫ്.ആർ.ആർ.ഒ.) ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലോ (എഫ്.ആർ.ഒ.) രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും ഇളവുണ്ട്. എന്നാൽ ചില നിശ്ചിത പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
ഓഹരി, സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളിൽ ബാധകമായ നിയമങ്ങൾക്കും സർക്കാർ വിജ്ഞാപനങ്ങൾക്കും വിധേയമായി, പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ.) ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളും തുല്യതയും ഒ.സി.ഐ. കാർഡ് ഉടമകൾക്കും ലഭിക്കും. അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ള രാഷ്ട്രീയ അവകാശങ്ങൾ ഒ.സി.ഐ. കാർഡുടമകൾക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനോ പാർലമെന്റിലേക്കോ നിയമസഭകളിലേക്കോ മത്സരിക്കാനോ സാധിക്കില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കാൻ കഴിയില്ല. സർക്കാർ ജോലികൾക്കും അർഹതയില്ല. കൃഷിഭൂമി, ഫാം ഹൗസുകൾ, പ്ലാന്റേഷൻ സ്വത്തുക്കൾ എന്നിവ വാങ്ങുന്നതിനും വിലക്കുണ്ട്.
രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാമോ?
ഒ.സി.ഐ. ചട്ടങ്ങളിൽ പൊതു പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് പ്രത്യക്ഷത്തിൽ പൂർണ്ണ നിരോധനമില്ല. എന്നിരുന്നാലും, ഒ.സി.ഐ. കാർഡ് ഉടമകൾ വിദേശ പൗരന്മാരായതിനാൽ, ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ മൗലികാവകാശങ്ങളും അവർക്ക് ലഭ്യമല്ല. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ആയുധങ്ങളില്ലാതെ ഒത്തുകൂടുന്നതിനുമുള്ള അവകാശമുണ്ട്. എന്നാൽ, ഇന്ത്യൻ പൗരന്മാർക്കുള്ളതുപോലെ ഈ പരിരക്ഷകൾ വിദേശ പൗരന്മാർക്ക് അതേ രീതിയിൽ ലഭ്യമാകില്ല.
ഈ വ്യത്യാസം പ്രധാനപ്പെട്ടതാണ്. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമില്ലെന്നതുകൊണ്ട് മാത്രം, ഒരു വിദേശ പൗരൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് എല്ലാ സാഹചര്യത്തിലും നിയമവിരുദ്ധമാകണമെന്നില്ല. പക്ഷേ, ഒരു വ്യക്തിയുടെ പങ്കാളിത്തത്തിന്റെ നിയമസാധുതയും അതിനെത്തുടർന്നുണ്ടാകുന്ന നടപടികളും ഇത് സംബന്ധിച്ച നിയമങ്ങൾ, വീസ വ്യവസ്ഥകൾ, സംഭവത്തിന്റെ സാഹചര്യങ്ങൾ എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും.
ഒ.സി.ഐ. കാർഡ് റദ്ദാക്കാൻ കഴിയുമോ?
1955-ലെ പൗരത്വ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ ഒ.സി.ഐ. രജിസ്ട്രേഷൻ റദ്ദാക്കാൻ വ്യവസ്ഥയുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് താഴെ പറയുന്ന കാരണങ്ങളാൽ കാർഡ് റദ്ദാക്കാം:
- വ്യാജരേഖ ചമച്ചോ തെറ്റായ വിവരങ്ങൾ നൽകിയോ വസ്തുതകൾ മറച്ചുവെച്ചോ രജിസ്ട്രേഷൻ നേടിയാൽ.
- ഇന്ത്യൻ ഭരണഘടനയോട് അനാദരവ് കാണിച്ചാൽ.
- ഇന്ത്യ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ശത്രുരാജ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ.
- രജിസ്ട്രേഷൻ ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ നിശ്ചിത കാലം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ.
- ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം, പൊതുജനതാൽപര്യം എന്നിവയ്ക്ക് ഭീഷണിയാണെന്ന് കണ്ടാൽ.
തുടർ നടപടി എന്ത്?
ഒ.സി.ഐ. പദവി ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അതീതമായി ഇന്ത്യയിൽ തുടരാനുള്ള നിരുപാധികമായ അവകാശം അത് ഒരു വിദേശ പൗരന് നൽകുന്നില്ല. ഇമിഗ്രേഷൻ, വിദേശി നിയമങ്ങൾ പ്രകാരം വിദേശ പൗരന്മാർക്കെതിരെ അധികാരികൾക്ക് നടപടി സ്വീകരിക്കാം. ഇമ്രാൻ ഖാന്റെ കേസിൽ, നിർദ്ദിഷ്ട നിയമവ്യവസ്ഥകളും ഇതിനെതിരെ അദ്ദേഹം സ്വീകരിക്കുന്ന നിയമപരമായ നടപടികളും അനുസരിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുക. വിദേശ പൗരന്മാരുടെ പ്രതിഷേധ പങ്കാളിത്തവും ഒ.സി.ഐ. അവകാശങ്ങളുടെ അതിരുകളും സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Content Highlights: Actor Imran Khan has been issued an FRRO notice to leave India by October 28 after participating in a political protest in Mumbai, drawing attention to OCI card regulations.
Published: 15 Oct 2026, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented