ന്യൂഡല്‍ഹി: വാരാന്ത്യഅവധിദിനത്തില്‍ ജോലിചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍കോളോ ഇമെയില്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളോ നിങ്ങളെ തേടിയെത്താതിരുന്നാല്‍ എന്താണ് നിങ്ങള്‍ കരുതുക- സ്ഥാപനം നിങ്ങളെ അവഗണിക്കുന്നതായി തോന്നലുണ്ടാകുമോ, അതോ മന:സമാധാനം അനുഭവപ്പെടുമോ? ജോലി ഒരു ലഹരിയല്ലാത്ത ഏതൊരാള്‍ക്കും അന്നേദിവസം ഏറെ ആശ്വാസം അനുഭവപ്പെടാനാണ് സാധ്യത. കാരണം, ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ സമയം ചെലവിടാനോ സ്വസ്ഥമായി അല്‍പസമയം വിശ്രമിക്കാനോ ആഗ്രഹിക്കാത്ത വ്യക്തികള്‍ കുറവായിരിക്കും. ഇതിന് തങ്ങളുടെ ജീവനക്കാർക്ക് അവസരമൊരുക്കുകയാണ് ഡ്രീം 11 എന്ന ഇന്ത്യന്‍ കമ്പനി. 

To advertise here,

അവധിദിനങ്ങളില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കമ്പനിസംബന്ധമായി ഒരുതരത്തിലും ശല്യമുണ്ടാകുന്നില്ലെന്ന് കൃത്യമായി ഉറപ്പുവരുത്തുകയാണ് ഡ്രീം 11. ഒരുപക്ഷെ, അവധിയിലുള്ള ജീവനക്കാരന് ഒരു ഫോണ്‍ കോള്‍ ലഭിച്ചെന്നിരിക്കട്ടെ ആ കോള്‍ ചെയ്ത സഹപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ ചുമത്താനും കമ്പനിയുടെ പുതുനയമായ ഡ്രീം 11 അണ്‍പ്ലഗ് (Dream 11 Unplug) വ്യവസ്ഥ ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഓരോ ജീവനക്കാരനേയും ഒരാഴ്ചക്കാലത്തേക്ക് കമ്പനി 'പുറത്താക്കാറുണ്ട്'. ആ സമയത്ത് ഇമെയിലോ ഫോണ്‍കോളോ ഉണ്ടാവില്ല. ഏതെങ്കിലും ജീവനക്കാരന്‍ അക്കാലത്ത് സഹപ്രവര്‍ത്തകനെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ 1,200 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) പിഴ ലഭിക്കുമെന്ന് കമ്പനിയുടെ സ്ഥാപകരായ ഹര്‍ഷ് ജയിന്‍, ഭവിത് സേത്ത് എന്നിവര്‍ പറഞ്ഞു. അവധിയിലുള്ള ജീവനക്കാരന് പ്രത്യേക നാമവും നല്‍കിയിരിക്കുന്നു-ഡ്രീംസ്റ്റര്‍ (Dreamster). 

കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ ലിങ്ക്ഡ് ഇന്‍ വഴി നല്‍കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം കമ്പനി നല്‍കിയത്. 'Take break, breath, relax' എന്നായിരുന്നു കമ്പനിയുടെ പോസ്റ്റില്‍. അവധിയിലുള്ള ഡ്രീംസ്റ്ററിനെ സ്ലാക്ക്, ഇമെയില്‍, വാട്‌സാപ് തുടങ്ങി എല്ലാ തരത്തിലുള്ള ആശയവിനിമയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പുറത്താക്കും. ഒരു ജീവനക്കാരന് അവകാശപ്പെട്ട ഇടവേളയില്‍ ഒരാള്‍പോലും അയാളെ ഒരുതരത്തിലും കമ്പനി സംബന്ധിയായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഇത്തരത്തില്‍ അവധി നല്‍കുന്നത് ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതായി തെളിയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡ്രീം 11. ഫാന്റസി സപോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 ഉപയോക്താക്കള്‍ക്ക് ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, റഗ്ബി, അമേരിക്കന്‍ ഫുട്‌ബോള്‍, ബേസ്‌ബോള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ സാങ്കല്‍പികമായി കളിക്കാനുള്ള അവസരമൊരുക്കുന്നു. കമ്പനി അനുവദിക്കുന്ന 'അണ്‍പ്ലഗ്ഡ്'  ആകാന്‍ ചുരുങ്ങിയത് ഒരുകൊല്ലമെങ്കിലും കമ്പനിയില്‍ പ്രവര്‍ത്തിക്കുകയോ ഒരു ഐപിഎലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കുകയോ വേണം.