തിരുവനന്തപുരം: ശനിയാഴ്ച ജോലി ഒഴിവാക്കുന്നതിന്റെപേരിൽ ജീവനക്കാരുടെ അവധിയോ മറ്റാനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കരുതെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച യോഗത്തിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്.
ഓൺലൈനായി യോഗംവിളിച്ചതിലും അജൻഡ ഇല്ലാത്തതിലും സംഘടനകൾ പ്രതിഷേധിച്ചു. ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും നിർദേശമുണ്ടായി. സർക്കാർതീരുമാനം പിന്നീട് അറിയിക്കും.
സംഘടനകളുടെ നിലപാട്
സർക്കാർനിർദേശം സ്വാഗതാർഹമെങ്കിലും കാഷ്വൽ അവധിയുൾപ്പെടെ ഇപ്പോഴുള്ള അവധി വെട്ടിക്കുറയ്ക്കാൻ പാടില്ല. അവധിയിൽ കേന്ദ്രസർക്കാരിനെ മാതൃകയാക്കേണ്ടതില്ല. സർക്കാർ നിർദേശംവന്നശേഷം ബാക്കിയുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കും.- എസ്. സജീവ് (ചെയർമാൻ, ജോയിന്റ് കൗൺസിൽ)
ശനിയാഴ്ചയിലെ അവധിനിർദേശം സ്വീകാര്യമാണ്. ഫാർമസിസ്റ്റുകൾ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ തുടങ്ങിയ ചില വിഭാഗങ്ങളിലെ ജീവനക്കാർ അവധിദിവസങ്ങളിലും ജോലിചെയ്യുന്നുണ്ട്. ഇവർക്ക് വർഷത്തിൽ 22 ദിവസം കോമ്പൻസേറ്ററി ലീവ് നൽകാറുണ്ട്. ശനിയാഴ്ച ജോലി ഒഴിവാക്കുമ്പോൾ ഇവരുടെ അവധിക്കാര്യം എങ്ങനെയെന്ന് വ്യക്തതയുണ്ടാകണം.- സജീവൻ ചാത്തോത്ത് (ട്രഷറർ, എൻ.ജി.ഒ. സംഘ്)
ശനിയാഴ്ച ജോലി ഒഴിവാക്കുന്നത് സ്വാഗതം ചെയ്യുന്നു. സമയനഷ്ടം നികത്താൻ ബാക്കിദിവസങ്ങളിൽ ഒരുമണിക്കൂറോളം ജോലിയാകാം. നിലവിലുള്ള അവധികളോ മറ്റ് ആനുകൂല്യങ്ങളോ കവരാൻപാടില്ല.- എം.വി. ശശിധരൻ (ജന. സെക്രട്ടറി, എൻ.ജി.ഒ. യൂണിയൻ)
നിർദേശങ്ങളോ നിലപാടോ സർക്കാർ വ്യക്തമാക്കാതെയാണ് ചർച്ച. രണ്ടാംശനിയാഴ്ച അവധിയായതിനാൽ മൂന്നുശനിയാഴ്ചയേ ജോലി ഒഴിവാകൂ. ബാക്കിദിവസങ്ങളിൽ അധികസമയം നൽകി ശനിയാഴ്ചയിലെ പ്രവൃത്തിനഷ്ടം നികത്താം. അവധിയിൽ നിലവിലുള്ള രീതി മാറ്റാൻ അനുവദിക്കില്ല.-എ.എം. ജാഫർഖാൻ (പ്രസിഡന്റ് എൻ.ജി.ഒ. അസോ.)
Content Highlights: Kerala govt employee unions met with Chief Secretary regarding Saturday holiday
Published: 07 Feb 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented