ന്യൂഡൽഹി: ബിജെപിയേയും ആർഎസ്എസ്സിനേയും അഭിനന്ദിച്ചുകൊണ്ടുള്ള പരാമർശത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും രാഹുൽ ഗാന്ധിയും  തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധേയമാകുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപക ദിനാഘോഷങ്ങൾക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

To advertise here,

ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ ദിഗ്‌വിജയ് സിങ്ങിന് ഹസ്തദാനം നൽകുന്നതിനിടെ 'താങ്കൾ ഇന്നലെ മോശമായി പെരുമാറി!' എന്ന് രാഹുൽ ഗാന്ധി തമാശയായി പറഞ്ഞു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കിടയിൽ ഇത് ചിരി പടർത്തി.

എൽ.കെ. അദ്വാനിയുടെ പാദത്തിനടുത്ത് നിലത്തിരിക്കുന്ന നരേന്ദ്രമോദിയുടെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ട്, ‘ഒരു സാധാരണ പ്രവർത്തകൻ എങ്ങനെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി മാറിയെന്നത് സംഘടനയുടെ ശക്തിയാണെന്നും കോൺഗ്രസ് ഇത് കണ്ട് പഠിക്കണമെന്നും’ ദിഗ്‌വിജയ് സിങ് എക്സിൽ കുറിച്ചിരുന്നു. താൻ ആർഎസ്എസ് ആശയത്തെയല്ല, മറിച്ച് അവരുടെ സംഘടനാ സംവിധാനത്തെ മാത്രമാണ് പ്രശംസിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചുവെങ്കിലും ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.

സിങ്ങിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് മിക്ക കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. ഗാന്ധിയുടെ സംഘടനയ്ക്ക് ഗോഡ്സെയുടെ സംഘടനയിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു. കോൺഗ്രസ് പാർട്ടി ഇല്ലാതായി എന്ന് പറയുന്ന എല്ലാവർക്കുമുള്ള സന്ദേശം എന്നുപറഞ്ഞുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ സ്ഥാപകദിന സന്ദേശം നൽകിയത്. 

ഭരണഘടനയിലോ മതേതരത്വത്തിലോ പാവപ്പെട്ടവരുടെ അവകാശങ്ങളിലോ കോൺഗ്രസ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും, അധികാരമില്ലെങ്കിലും തങ്ങളുടെ ആശയങ്ങൾ മരിക്കില്ലെന്നും കോൺഗ്രസ് സ്ഥാപക ദിന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു. ബിജെപി മതത്തെ രാഷ്ട്രീയമാക്കി മാറ്റുമ്പോൾ കോൺഗ്രസ് വിശ്വാസമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.