ബംഗളൂരു: ധർമ്മസ്ഥലയിൽ പതിനേഴുവയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

To advertise here,

കേസന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും നിർണായക തെളിവുകൾ ഒഴിവാക്കപ്പെട്ടുവെന്നും ആരോപിച്ച് കൊല്ലപ്പെട്ട

സൗജന്യയുടെ മാതാവ് കുസുമവതി ഗൗഡ സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്. 2024 ഓഗസ്റ്റിൽ കർണാടക ഹൈക്കോടതി ഇവരുടെ ഹർജി തള്ളിയിരുന്നെങ്കിലും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ചിരുന്നു. 

2012 ഒക്ടോബറിലാണ് കർണാടകയിലെ ഉജിരെയിൽ സ്‌കൂൾ വിദ്യാർത്ഥിനിയായ സൗജന്യ (17) ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കർണാടക സി.ഐ.ഡിയും പിന്നീട് സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേസിൽ അറസ്റ്റിലായിരുന്ന സന്തോഷ് റാവുവിനെ തെളിവുകളുടെ അഭാവത്തിൽ 2023 ജൂണിൽ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസ് വീണ്ടും അനിശ്ചിതത്വത്തിലായി.

സുപ്രീം കോടതിയുടെ ഉത്തരവിനെ സൗജന്യയുടെ കുടുംബവും സാമൂഹികപ്രവർത്തകരം സ്വാഗതം ചെയ്തിട്ടുണ്ട്. 14 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഈ കേസിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ മഹേഷ് ഷെട്ടി പ്രതികരിച്ചു.