ന്യൂഡൽഹി: ആഭ്യന്തരസർവീസുകളിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 60 ശതമാനം സീറ്റെങ്കിലും അധികചാർജ് ഈടാക്കാതെ യാത്രക്കാർക്ക് നൽകണമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.) നിർദേശം നൽകി. നിലവിൽ 20 ശതമാനം സീറ്റുകളാണ് അധികത്തുക നൽകാതെ തിരഞ്ഞെടുക്കാനാകുക. ജനാലയ്ക്കരികിൽ, ഇടനാഴിക്കരികിൽ, അതുപോലെ കൂടുതൽ ലെഗ്‌റൂമുള്ള സീറ്റുകൾ എന്നിവയ്ക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. വിമാനത്തിന്റെ പിൻഭാഗത്തോ നടുവിലോ ഉള്ള കുറച്ച് സീറ്റുകൾക്കുമാത്രമേ അധിക നിരക്ക് ഇല്ലാതിരിക്കാറുള്ളൂ.

To advertise here,

ഇത്തരം സീറ്റുകൾ കൂടുതൽ പണം നൽകി തിരഞ്ഞെടുത്തില്ലെങ്കിൽ യാത്രാതീയതിയോടടുപ്പിച്ച് ചിലപ്പോൾ അനുവദിക്കുന്നതാണ് പതിവ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒരേ പി.എൻ.ആറിലാണെങ്കിൽ എല്ലാ യാത്രക്കാർക്കും പരമാവധി അടുത്തടുത്ത സീറ്റുകൾ നൽകണമെന്നും നിർദേശമുണ്ട്.

സീറ്റ് തിരഞ്ഞെടുക്കാൻ കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നെന്ന പരാതിയെത്തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ.