കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയം നേടിയാൽ രാജി വെയ്ക്കാൻ ധൈര്യമുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ.

To advertise here,

"നരേന്ദ്ര, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു. പൊങ്ങച്ചം പറയുന്നത് നിർത്തൂ. എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ. മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജിവെയ്ക്കുക," സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ഡെറക് ഒബ്രിയാൻ പറഞ്ഞു. "ചങ്കൂറ്റമുണ്ടോ?" അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച, രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് 142 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്.

ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 32.1 ദശലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 1,448 സ്ഥാനാർഥികളുടെ വിധി നിർണ്ണയിക്കുന്നതാണ് തിരഞ്ഞെടുപ്പ്.

സംസ്ഥാനത്ത് പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി മോദി മാർച്ച് 15 മുതൽ 19 റാലികൾ നടത്തി പാർട്ടിയ്ക്ക് വേണ്ടി വലിയ പ്രചാരണമാണ് നടത്തിയത്.