ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗക്കേസുകൾ കൂടുന്നതിൽ ഇടപെട്ട് സുപ്രീംകോടതി. ഇത്തരം കുറ്റകൃത്യങ്ങൾ നിയമപാലകരുടെയും ഭരണസംവിധാനങ്ങളുടെയും വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2012-ലെ നിർഭയ കേസിന് സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നു നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നും ദുർബലവിഭാഗങ്ങളുടെ സുരക്ഷ അധികൃതർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. നിർഭയസംഭവം നടന്ന് ഒരുപതിറ്റാണ്ടുകഴിഞ്ഞിട്ടും നിയമപാലനത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടായോയെന്ന ചോദ്യം ഉയരുന്നുണ്ടെന്ന് ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി.
പാർക്കുകൾ, റോഡുകൾ, ബസുകൾ, മെട്രോസ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളെ പ്രശ്‌നമേഖലകളാകാൻ അനുവദിച്ചുകൂടെന്നും പ്രശ്‌നമുണ്ടാകുമ്പോൾ ആശങ്കപ്രകടിപ്പിക്കുന്നത് പരിഹാരമല്ലെന്നും കോടതി പറഞ്ഞു. രാജ്യതലസ്ഥാനമേഖലയിൽ ഈമാസംമാത്രം പതിമ്മൂന്നോളം ലൈംഗികാതിക്രമക്കേസുകൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. മിക്കതിലും പ്രായപൂർത്തിയാകാത്തവരാണ് ഇരകളായത്.
ക്രൂരമായ കൊലപാതകങ്ങളുമുണ്ടായി. കേന്ദ്രസർക്കാരിന് ക്രമസമാധാനച്ചുമതലയുള്ള ഡൽഹിയിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷം വിമർശനമുയർത്തുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ.ഡൽഹിയിലെ സംഭവങ്ങൾ 'നിർഭയ' ഓർമ്മിപ്പിക്കുന്നുവെന്നും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
തത്സ്ഥിതി റിപ്പോർട്ടുതേടി സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹിയിലെ ലൈംഗികാതിക്രമക്കേസുകളുടെ വിഷയത്തിൽ കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷക ലിസ് മാത്യുവിനെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു. കോടതിയുത്തരവും ബന്ധപ്പെട്ട പത്രവാർത്തകളും അമിക്കസ് ക്യൂറിക്ക് എത്തിച്ചുനൽകാൻ കോടതി രജിസ്ട്രിയോട് നിർദേശിച്ചു.
ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ മാധ്യമങ്ങൾ ജാഗ്രതപുലർത്തണമെന്നും കോടതി നിർദേശിച്ചു. ലൈംഗികാതിക്രമങ്ങളുടെ വാർത്തകളിൽ സ്വമേധയാ കേസെടുത്ത കോടതി, സമഗ്രമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോടാവശ്യപ്പെട്ടു. ഫാസ്റ്റ് ട്രാക്ക് കോടതികളുടെയും പോക്സോകോടതികളുടെയും പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടും ആവശ്യപ്പെട്ടു.
പ്രശ്‌നമുള്ള മേഖലകൾ തിരിച്ചറിയാൻ അടിയന്തരമായ പരിശോധനകൾക്ക് ഡൽഹി പോലീസ് കമ്മിഷണർക്കും നിർദേശം നൽകി. അതിനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോ പോലീസ് ജില്ലയിലും പ്രത്യേകസംഘങ്ങൾ നാലാഴ്ചയ്ക്കകം രൂപവത്കരിക്കണം.
പ്രശ്‌നമേഖലകളിൽ മുഴുവൻസമയ പോലീസ് പട്രോളിങ്ങും സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കണം. വൈകീട്ടും പുലർച്ചെയും പ്രത്യേകശ്രദ്ധ വേണം. തെരുവുവിളക്കുകളും സി.സി.ടി.വി.കളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. നാട്ടുകാരുടെ പരാതികളിൽ സമയബദ്ധമായി നടപടിയെടുത്തിരിക്കണമെന്നും കോടതി നിർദേശിച്ചു.
കോടതി ഇടപെടലിന് കാരണമായ സംഭവങ്ങൾ
- ഓഗസ്റ്റ് 21 - ഗ്രേറ്റർ നോയിഡയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രയ്ക്കിടെ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി
- സെപ്റ്റംബർ 10, 11 - സ്വരൂപ് നഗറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ക്രൂരമായി ആക്രമിച്ചുകൊലപ്പെടുത്തിയശേഷം മൃതദേഹം വിജനമായസ്ഥലത്ത് ഉപേക്ഷിച്ചു. തെരുവുനായകൾ ഭക്ഷിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്
- സെപ്റ്റംബർ 21 - കൽക്കാജിയിൽ ക്ഷേത്രദർശനത്തിനെത്തിയ പതിനേഴുകാരിയെ സമീപത്തെ പാർക്കിൽ പോലീസ് ചമഞ്ഞെത്തിയ മൂന്നംഗംസംഘം ബലാത്സംഗത്തിനിരയാക്കി
നിർഭയ കേസ്
2012 ഡിസംബർ 16-ന് രാത്രി ഡൽഹിനഗരത്തിൽ സുഹൃത്തിനൊപ്പം ബസിൽ യാത്രചെയ്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത് പുറത്തേക്ക് എറിഞ്ഞു. ഗുരുതരപരിക്കേറ്റ പെൺകുട്ടി വിദഗ്ധചികിത്സയ്ക്കിടെ ഡിസംബർ 29-ന് മരിച്ചു. ഇതിൽ രാജ്യവ്യാപക പ്രതിഷേധമുണ്ടായി.
എല്ലാ ചർച്ചകളിലും 'നിർഭയ' എന്നാണ് പെൺകുട്ടി വിശേഷിപ്പിക്കപ്പെട്ടത്. സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. ഇതിൽ നാലുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.
Content Highlights: The Supreme Court of India intervened in the rising rape cases in Delhi, highlighting failures in law enforcement and governance, and directed the registration of a suo motu case. The court appointed senior advocate Liz Mathew as amicus curiae to assist in the matter and requested comprehensive status reports from Delhi Police and other relevant authorities.
Published: 29 Sept 2026, 08:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented