കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ പാർവതി മായയ്ക്ക് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർമേനിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് ഇവർ അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു പാർവതി മായ. വിദേശത്തേക്ക് കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കോടതി, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്നാമത്തെ കേസിൽ പോലീസ് ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ മൂന്ന് കേസുകളിലാണ് പാർവതി മായയ്ക്കെതിരെ നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ കൊച്ചിയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.
പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പരാതികൾ. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്നും കോടികളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ആംസ്റ്റർ ഓവർസീസ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. 2023 മുതൽ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് ഇവർ ഇരകളെ വലയിലാക്കിയത്. സമൂഹിക മാധ്യമങ്ങളിൽ റോൾസ് റോയ്സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം നിന്നും വിലകൂടിയ ആഭരണങ്ങൾ അണിഞ്ഞുമുള്ള പാർവതിയുടെ റീലുകൾ വൈറലാണ്.
പണം തിരികെ ചോദിച്ച ഉദ്യോഗാർഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്. പാർവതിയുടെ ഭർത്താവും സ്ഥാപന ഉടമയുമായ അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത് നായർ, അജു കെ. മാത്യു, വിഷ്ണു വിജയൻ, പാർവതിയുടെ പിതാവ് ഷാജി എന്നിവരും കേസിൽ പ്രതികളാണ്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Parvathy Maya granted conditional bail by Ernakulam Magistrate Court in overseas job scam., Accused collected crores promising jobs in Armenia, Poland, and Canada without a valid license., Operated unlicensed agencies in Edappally and Palarivattom since 2023 via social media ads., Police registered multiple cases and are taking steps to extradite other accused abroad.
Published: 28 Sept 2026, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented