
ന്യൂഡൽഹി: ഡൽഹി പോലീസിൽ ഡിസിപി തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥനായ വിവേക് ഭഗത്, തന്റെ പ്രമോഷൻ ഉത്തരവ് മരവിപ്പിക്കണമെന്ന് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. വനിതാ മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമേഷ് കുമാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ ഡിസിപി തസ്തികയിലേക്ക് ഉയർത്തപ്പെട്ട 12 പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഭഗത്. നിലവിൽ ഡൽഹി കനോട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ സബ്-ഡിവിഷണൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്. തനിക്കെതിരെ ഒരു യൂട്യൂബർ ഉന്നയിച്ച ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലനിൽക്കുന്നതിനാൽ, പ്രമോഷൻ ഉത്തരവ് മരവിപ്പിക്കാൻ സമ്മതിക്കുകയാണെന്ന് പോലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന സമരത്തിനിടെയാണ് വിവേക് ഭഗതുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർന്നത്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സമയത്തുതന്നെ പ്രമോഷൻ നൽകിയ നടപടി വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പ്രമോഷൻ ഉദ്യോഗസ്ഥന്റെ സർവീസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടി മാത്രമാണെന്നും തത്സമയ പ്രതിഷേധങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.
വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രമോഷൻ നൽകിയതിനെതിരെ സിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. സമരത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിവേക് ഭഗതിനെ സസ്പെൻഡ് ചെയ്യണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സിജെപി കോ-കൺവീനർ സൗരവ് ദാസ് ആവശ്യപ്പെട്ടു. പെൺകുട്ടി നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ ഇടാൻ തയ്യാറായില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും ആരോപിച്ചിരുന്നു. ഇതേതുടർന്ന്, നിഷ്പക്ഷമായ അന്വേഷണത്തിനായി ഡൽഹി പോലീസ് പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുകയായിരുന്നു.
അതേസമയം, വിവേക് ഭഗതിനെ മോശമായി ചിത്രീകരിക്കാൻ എഐ ഉപയോഗിച്ച് വ്യാജ സിസിടിവി ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണ സ്വദേശിയായ പ്രതി സേനയുടെ പ്രതിച്ഛായ തകർക്കാനും പ്രതിഷേധക്കാരെ ഇളക്കിവിട്ട് അക്രമത്തിന് വഴിവെക്കാനും ശ്രമിച്ചതായി അഡീഷണൽ ഡിസിപി മൻജീത് ഷിയോറാൻ പറഞ്ഞു.
Published: 06 Oct 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented