അമൃത്സർ: പഞ്ചാബ് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണെന്ന വ്യാജേന ആം ആദ്മി പാർട്ടി നേതാവിനെ കബളിപ്പിക്കുകയും, വിവാഹം കഴിച്ച് മാസങ്ങൾക്കുള്ളിൽ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്തതായി ആരോപണം.

To advertise here,

എഎപി ജോയിന്റ് സെക്രട്ടറിയും ജില്ലാ പരിഷത് അംഗവുമായ അമരീന്ദർ സിങ് മന്ദോഫലാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ഭാര്യ മൻവിന്ദർ കൗറും അവരുടെ കുടുംബവും തെറ്റായ വിവരങ്ങൾ നൽകി വഞ്ചിച്ചതായാണ് ആരോപണം.

ഫത്തേഗഡ് സാഹിബിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൻവിന്ദർ കൗർ ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. എ.എ.പി നേതാവ് 2026 ഫെബ്രുവരിയിലാണ് വിവാഹിതനായത്. പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ദ്വാൻ, മന്ത്രി തരുൺപ്രീത് സിങ് സൗന്ദ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന എ.എ.പി നേതാക്കളും ജനപ്രതിനിധികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

പിസിഎസ് ഉദ്യോഗസ്ഥയെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കുടുംബം താനുമായി വിവാഹം നടത്തിയത്. മുമ്പ് വിവാഹിതയായിരുന്ന കാര്യമോ വിവാഹ മോചിതയായ കാര്യമോ തനിക്കറിയില്ലായിരുന്നു. പ്രായം, മുൻപുള്ള വിവാഹബന്ധം എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്നും പരാതിയിൽ പറയുന്നു.

മുൻ വിവാഹത്തിൽ മൻവിന്ദർ കൗറിന് 18 വയസ്സുള്ള മകനുണ്ടെന്നും എഎപി നേതാവിന്റെ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വയസ്സ് തെറ്റായി കാണിക്കുന്നതിന് കൃത്രിമ രേഖകളുണ്ടാക്കിയെന്നും പറയുന്നു.

വിവാഹത്തിനുശേഷം ഭാര്യ, വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോവുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.