
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുനിലക്കെട്ടിടത്തിൽ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. 12 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിൽ വെള്ളിയാഴ്ച വൈകിട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിർമാണ യൂണിറ്റിലായിരുന്നു അഗ്നിബാധ ഉണ്ടായത്.
ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനുശേഷമാണ് കൂടുതൽപേർക്കു ജീവൻ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. മുപ്പതിലേറെ പേർക്കു പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി. രാത്രിവൈകിയും രക്ഷാദൗത്യം തുടർന്നു.
ഒന്നാം നിലയിൽ നിന്നായിരുന്നു തീപടർന്നത്. ഈ സമയം രണ്ടാം നിലയിൽ നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് നടക്കുകയായിരുന്നു. ആളുകൾ കൂടുതലും രണ്ടാം നലയിൽ ആയത് കൊണ്ട് തന്നെ കൂടുതൽ മരണവും സംഭവിച്ചിരിക്കുന്നത് മോട്ടിവേഷൻ ക്ലാസിൽ പങ്കെടുത്തിരുന്നവരാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകളായ ഹരീഷ് ഗോയൽ, വരൂൺ ഗോയൽ എന്നിവരെ അറസ്റ്റ് ചെയ്തു. മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് മൂന്നുനിലക്കെട്ടിടം. വിവിധ കമ്പനികൾക്ക് ഓഫീസ് പ്രവർത്തിക്കാൻ വാടകയ്ക്കു നൽകാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതർ അറിയിച്ചു.
അപകടം നടന്നയുടൻ 24 അഗ്നിരക്ഷാ വാഹനങ്ങൾ പാഞ്ഞെത്തി. എന്നാൽ, കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതിനാൽ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികൾ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ദേശീയ ദുരന്തനിവാരണസംഘം അർധരാത്രിയോടെ സ്ഥലത്തെത്തി.
ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവർ അനുശോചിച്ചു.
Content Highlights: Delhi Mundka Fire- 27 Die In Massive Delhi Fire
Published: 14 May 2022, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented