ന്യൂഡൽഹി: ‘അവൾ ശൗചാലയത്തിലെ സീറ്റിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരു കസേരയിൽ അയാളും. തന്നെ ചേർത്തുപിടിച്ചിരുന്ന അയാളുടെ തോളിൽ അവൾ തന്റെ തല ചായ്ച്ചുവെച്ചിരുന്നു. ആ ഇരുപ്പിൽ, രക്ഷാപ്രവർത്തകർക്കായി കാത്തിരിക്കുന്നതിനിടയിൽ പരസ്പരം പുണർന്നുകൊണ്ട് അവർ മരണത്തിന് കീഴടങ്ങി.’ ന്യൂഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ ദാരുണമായ തീപിടുത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ അത് ആരുടെയും കണ്ണുകളെ ഈറനണിയിക്കും. അഗ്നിശമനസേനയ്ക്കൊപ്പം ചേർന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ധീരതയും ആ ദൃശ്യങ്ങൾ വീണ്ടും ഓർത്തെടുക്കുമ്പോഴുള്ള വിങ്ങലും പങ്കുവെയ്ക്കുകയാണ് ആ സാധാരണക്കാരായ മനുഷ്യർ.
ബുധനാഴ്ച രാവിലെ ഡൽഹിയിലെ 'ഫ്‌ലറിഷ് സ്റ്റേ ബിഎൻബി' ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 12 വിദേശികളടക്കം 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പരിസരത്തുള്ള ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവരായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്ന ഭൂരിഭാഗംപേരും. 'ഹോട്ടലിലെ പൂട്ടിയിട്ട ഒരു വാഷ്റൂമിലാണ് ഒരു പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അവർ തീപിടിത്തത്തിലല്ല മരിച്ചത്, പുക ശ്വസിച്ചാണ്.' കത്തുന്ന കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ സഹായിച്ചവരിൽ ഒരാളായ മുഹമ്മദ് ഷൊയ്ബ് പറഞ്ഞു. ഷൊയ്ബ് രക്ഷിക്കാൻ ശ്രമിച്ചവരിൽ അവസാനത്തെ ആളുകളായിരുന്നു അവർ.
'ഞങ്ങൾ താഴത്തെ നിലയിൽചെന്നപ്പോൾ ഉള്ളിൽനിന്ന് പൂട്ടിയിരുന്ന ഒരു വാഷ്റൂം കണ്ടു. വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലുള്ള ദമ്പതികളെയാണ് കണ്ടത്. അവർ മരിച്ചിരുന്നു.' മൃതദേഹങ്ങൾ പുറത്തെടുക്കാൻ ധൈര്യം സംഭരിക്കുന്നതിനായി ഒരു നിമിഷത്തേക്ക് ശൗചാലയത്തിൽനിന്ന് പുറത്തിറങ്ങിയ കാര്യം ഷൊയ്ബ് ഓർത്തെടുത്തു, 'സ്ത്രീ സീറ്റിൽ ഇരിക്കുകയായിരുന്നു, പുരുഷൻ അടുത്തുള്ള കസേരയിൽ അവളെ മുറുക്കെ പിടിച്ചിരിക്കുകയായിരുന്നു. തീയിൽനിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ അവർ ഉള്ളിൽ കയറി വാതിലടച്ചതാകാം. പരസ്പരം പുണർന്ന നിലയിലാണ് അവരെ ഞങ്ങൾ കണ്ടെത്തിയത്.'
അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ഷൊയ്ബും മറ്റ് രക്ഷാപ്രവർത്തകരും ചേർന്ന് അവർക്ക് സിപിആർ നൽകി, പക്ഷേ പ്രയോജനം ഉണ്ടായില്ല. 'തീയിൽനിന്ന് രക്ഷപ്പെടാൻ അവർക്കായി, പക്ഷേ പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചത്. പുകയേറ്റ് അവരുടെ ശരീരങ്ങൾ കറുത്തിരുന്നു.' മറ്റൊരു മുറിയിൽ, കട്ടിലിന്റെ അരികിൽ ഇരിക്കുന്ന ദമ്പതികളെ അവർ കണ്ടെത്തി. രണ്ടുപേരും വെന്തുമരിച്ചിരുന്നു. ബേസ്മെന്റ് വഴിയാണ് രക്ഷാപ്രവർത്തകർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്.
രാവിലെ 8:30-ഓടെ ബി ആൻഡ് ബിയുടെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്, പിന്നീട് അത് മുകളിലത്തെ നിലകളിലേക്ക് പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടായപ്പോൾ ഭൂരിഭാഗം അതിഥികളും ഉറക്കത്തിലായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ മൊത്തം 17 അഗ്നിരക്ഷാ യൂണിറ്റുകളാണ് പ്രവർത്തിച്ചത്. 58 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള മാക്‌സ് ആശുപത്രിയിൽ എത്തിച്ചു. മുഹമ്മദ് ഷൊയ്ബ്, മുഹമ്മദ് അഫ്‌സൽ ഖാൻ, വസീം രാജ, അഷ്‌റഫ് ഖാൻ, ആമിർ ഖാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഡൽഹി പോലീസിനെയും അഗ്‌നിശമന സേനയെയും സഹായിച്ചവരിൽ ചിലർ. ഹോട്ടലിനുള്ളിൽ കടക്കാൻ ഷട്ടർ വെട്ടിപ്പൊളിക്കേണ്ടിവന്നതായി ഇവർ പറയുന്നു.
'അകത്തെ കാഴ്ചകൾ ഭയാനകമായിരുന്നു,' മാക്‌സ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ അഷ്‌റഫ് ഖാൻ പറഞ്ഞു. 'ബേസ്മെന്റിൽ പ്രവേശിച്ചപ്പോൾ റിസപ്ഷന് സമീപം പൂർണമായും കത്തിക്കരിഞ്ഞുപോയ ആദ്യത്തെ മൃതദേഹം ഞാൻ കണ്ടു. അത് ഏകദേശം 20 വയസോളം പ്രായമുള്ള ഒരു പെൺകുട്ടിയുടേതായിരുന്നു. അവൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അവിടെനിന്ന് ഏതാനും ചുവടുകൾ അകലെ, വീൽചെയറിൽ ഒരാളെ കണ്ടു, അയാളും വെന്തുമരിച്ചിരുന്നു. മുന്നോട്ട് പോയപ്പോൾ അബോധാവസ്ഥയിലായ മൂന്ന് വിദേശികളെ കണ്ടു, അവർക്ക് ഞാൻ സിപിആർ നൽകി', അഷ്‌റഫ് ഓർത്തെടുത്തു.
രക്ഷാപ്രവർത്തകർ പറയുന്നതനുസരിച്ച്, തീപിടിത്തത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് ബേസ്മെന്റിനെയും ഗ്രൗണ്ട് ഫ്‌ളോറിനെയുമാണ്. 'ബേസ്മെന്റിൽ ഏകദേശം എട്ട് പേരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.' ഷൊയ്ബ് പറഞ്ഞു. മുകളിലത്തെ നിലകളിലേക്കുള്ള പ്രധാന ഗോവണി ഹോട്ടലിന്റെ മധ്യഭാഗത്തായിരുന്നുവെന്നും അവിടെ അടിയന്തര ഗോവണി ഇല്ലായിരുന്നുവെന്നും മറ്റൊരു രക്ഷാപ്രവർത്തകനായ മുഹമ്മദ് അഫ്‌സൽ പറഞ്ഞു.
പുക അടങ്ങുന്നതിനായി കാത്തുനിൽക്കാതെ, തീ നിയന്ത്രണവിധേയമായ ഉടൻതന്നെ അകത്തുകടക്കുകയായിരുന്നു ഇവർ. 'ഞങ്ങളുടെയോ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുടെയോ പക്കൽ സുരക്ഷാ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും ഞങ്ങളും മരിച്ചുപോകുമെന്ന് ഞങ്ങൾക്ക് തോന്നി. കെട്ടിടം മുഴുവൻ പുക നിറഞ്ഞിരുന്നു, നിലത്തെ ടൈലുകൾ ഇളകിപ്പോയിരുന്നു. ആളുകളെ ബെഡ് ഷീറ്റുകളിൽ കിടത്തി പുറത്തേക്ക് എത്തിക്കാൻ പൊട്ടിയ തറയിലൂടെ നടന്നതിനാൽ ഞങ്ങളുടെ പാദങ്ങളൾ കീറിമുറിഞ്ഞു', അഷ്‌റഫ് പറഞ്ഞു.
ഒരുസംഘം ആളുകൾ കെട്ടിടത്തിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ, സുമനസ്സുകളായ നാട്ടുകാർ പുറത്തുനിന്നും ആളുകളെ ഒഴിപ്പിക്കാൻ സഹായിച്ചു. നാട്ടുകാർ പുറത്തുനിന്ന് ജനാലകൾ തകർക്കുകയും മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന അതിഥികളോട് പുറത്തേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു. റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാനും ചേർന്ന് കത്തുന്ന കെട്ടിടത്തിന് പുറത്ത് തറയിൽ ഇരുപതോളം കിടക്കകൾ വിരിച്ചു, ഇത് കുടുങ്ങിക്കിടക്കുന്ന അതിഥികൾക്ക് സുരക്ഷിതമായി താഴേക്ക് ചാടാനുള്ള ഒരു കുഷ്യനായി മാറി. ഈ 'മാനുഷിക പരിഗണനയിൽ' റിയാസുദ്ദീന് ഉണ്ടായ നഷ്ടം രണ്ടുലക്ഷം രൂപയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെ കൂടുതൽ മുറികൾ പ്രവർത്തിപ്പിച്ചും ഹോട്ടൽ അധികൃതർ വരുത്തിയ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലേക്കും പുറത്തേക്കും കടക്കാൻ ഒരു കവാടം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫയർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലായിരുന്നുവെന്നും ആറ് മുറികൾക്ക് മാത്രം അനുമതിയുള്ളിടത്ത് 25 മുറികൾ പ്രവർത്തിപ്പിച്ചിരുന്നെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജനലുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. പ്രധാന വാതിൽ സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
Content Highlights: 21 casualties reported including 12 foreign nationals in a Delhi hotel blaze. Heartbreaking discovery of a couple found dead in a final embrace inside a bathroom. Lack of emergency exits and fire safety compliance identified as primary causes. Heroic rescue efforts by locals using mattresses and CPR to save trapped guests. Hotel owner Lavkesh Bajaj arrested for illegal operation and safety negligence.
Published: 04 Jun 2026, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented