ന്യൂഡല്‍ഹി: മരിച്ചുപോയ വ്യക്തിയുടെ ശീതീകരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച കോടതി ബീജം സൂക്ഷിച്ചിട്ടുള്ള സര് ഗംഗാറാം ആശുപത്രിയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
മരണാനന്തരമുള്ള പ്രത്യുല്പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി. പേരക്കുട്ടികളെ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ വളര്‍ത്തുന്നത് സാധാരണമാണെന്നും ജഡ്ജി കൂട്ടിച്ചര്‍ത്തു. എങ്കിലും വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നും കോടതി ഓര്‍മിപ്പിച്ചു.
2022 നവംബറില്‍ ഹൈക്കോടതി ബീജം കൈമാറുന്നതു സംബന്ധിച്ച് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തില്‍നിന്ന് പ്രതികരണം തേടി നോട്ടീസയച്ചിരുന്നു. 2020 സെപ്റ്റംബറില്‍ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ആദ്യം ഇതേ ആവശ്യവുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ആവശ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു. സര്‍ക്കാരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളില്ല എന്നതായിരുന്നു ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിച്ച കാരണം.
ഇതേ വിഷയത്തില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനും ഗംഗാ റാം ആശുപത്രിയ്ക്കും നേരത്തേ നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങളൊന്നും നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ നിലപാട് വിഷയത്തില്‍ മുഖ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസയയ്ക്കുമ്പോള്‍ കോടതി നിരീക്ഷിക്കുകയും ചെയ്തു.
Content Highlights: Delhi Court Orders Hospital To Release Dead Man's Sperm To Parents For Surrogacy
Published: 04 Oct 2024, 11:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented