ന്യൂഡല്‍ഹി: ബലാത്സംഗപരാതി പിന്‍വലിപ്പിക്കാന്‍ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ജില്ലാ ജഡ്ജി സഞ്ജീവ് കുമാര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനില്‍കുമാറിനെതിരെ അച്ചടക്കനടപടിയ്ക്കും ഹൈക്കോടതി ശുപാര്‍ശ ചെയ്തു. 

To advertise here,

ഒരു അഭിഭാഷകനെതിരെ അഭിഭാഷക നല്‍കിയ ബലാത്സംഗപരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമ്മര്‍ദം ചെലുത്തിയതായും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി നല്‍കിയത്. അഭിഭാഷകനെതിരെ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഈ ജഡ്ജിമാര്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ ജഡ്ജിമാരുടെയും കീഴില്‍ പരാതിക്കാരി ജോലി ചെയ്തിരുന്നു. കേസ് പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നും അഭിഭാഷകയ്ക്ക് വാഗ്ദാനം ചെയ്തു. കേസ് പിന്‍വലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകയുടെ സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

പരാതി ലഭിച്ചയുടനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 28ന് ചേര്‍ന്ന ഡല്‍ഹി ഹൈക്കോടതിയിലെ ഫുള്‍ കോര്‍ട്ട് റഫറന്‍സിലാണ് നടപടിയ്ക്കുള്ള തീരുമാനം ഉണ്ടായത്.