ന്യൂഡൽഹി: സി.ബി.ഐ.യെയും ഇ.ഡി.യെയും കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണം നിലനിൽക്കേ, മദ്യനയക്കേസിൽ ഇതുസംബന്ധിച്ച സുപ്രധാന നിരീക്ഷണവുമായി ഡൽഹി കോടതി. രാഷ്ട്രീയപ്പാർട്ടികളുടെ അമിതമായ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെപേരിൽ മാത്രം സി.ബി.ഐ.യെയും ഇ.ഡി.യെയും ‘രാഷ്ട്രീയമേഖല’യിലേക്ക് ഇറങ്ങാൻ അനുവദിക്കരുതെന്ന് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ് പറഞ്ഞു. മദ്യനയക്കേസ് ഉത്തരവിലാണ് സുപ്രധാന നിരീക്ഷണം.

To advertise here,

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽനിന്നു ലഭിച്ച 100 കോടിയോളം രൂപയിൽ 44.54 കോടി ഗോവയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എ.എ.പി. ഉപയോഗിച്ചുവെന്നാണ് സി.ബി.ഐ.യുടെ ആരോപണം. പണം ചെലവഴിക്കൽ, നിയമവിരുദ്ധ ഫണ്ടിങ്, കണക്കില്ലാത്ത ചെലവ് തുടങ്ങിയ ആരോപണങ്ങളിൽമാത്രം അന്വേഷണ ഏജൻസികൾ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നീങ്ങിയാൽ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ കുറ്റകൃത്യവത്കരണമാകും സംഭവിക്കുകയെന്ന് കോടതി മുന്നറിയിപ്പുനൽകി. രാഷ്ട്രീയഫലങ്ങളെ സ്വാധീനിക്കാൻ ഇത്തരം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കോടതി പറഞ്ഞു.