ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രാജിസമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ട് കണ്ടാണ് രാജി സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാജയം ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് ഡല്‍ഹിയില്‍ എ.എ.പി നേരിട്ടത്. 

To advertise here,

ഡല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തിരുന്നു. 2020-ലെ തിരഞ്ഞെടുപ്പില്‍ ഏട്ട് സീറ്റില്‍ മാത്രം വിജയിച്ച സ്ഥാനത്താണ് അഞ്ച് വര്‍ഷത്തിനിപ്പുറം 48 സീറ്റുകള്‍ ബിജെപി നേടിയത്. അതേസമയം, 2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. അതേസമയം, കോൺഗ്രസിന് ഒരുസീറ്റിലും ജയിക്കാനായില്ല.

ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പരാജയം വലിയ തിരിച്ചടിയാണ് ബിജെപിയ്ക്ക് നല്‍കിയിരിക്കുന്നത്. എ.എ.പി. നാഷണല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരത്‌വാജ് തുടങ്ങിയ നേതാക്കളാണ് തോല്‍വിയുടെ കയ്പ്പറിഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന, കല്‍കാജി സീറ്റില്‍ 3521 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

ജയില്‍ മോചിതനായ കെജ്രിവാള്‍ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുന്നത്. 140 ദിവസമാണ് അവര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചത്. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന വനിത കൂടിയാണ് അതിഷി. ഡല്‍ഹിയുടെ വിദ്യാഭ്യാസ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും അതിഷിയായിരുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളിലൊന്ന് അതിഷിയുടേതായിരുന്നു.

നീണ്ട രണ്ടരപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍ എത്തുന്നത്. ഡല്‍ഹിയില്‍ മിന്നുന്ന വിജയം സമ്മാനിച്ച  വോട്ടര്‍മാരോട് നന്ദി പറയുകയും വിജയത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ഡല്‍ഹിയെ വികസനത്തിന്റെ പാതയില്‍ എത്തുക്കുമെന്നും മോദി ഉറപ്പുനല്‍കി.