ചണ്ഡീഗഢ്: നിയമസഭയില്‍ അവതരിപ്പിക്കാനുള്ള രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി പഞ്ചാബ് ഗവര്‍ണര്‍. നേരത്തേ അംഗീകാരം നല്‍കാതെ പിടിച്ചുവച്ച ബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അംഗീകാരം നല്‍കിയത്. ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചതിനെതിരെ എ.എ.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. 

To advertise here,

ഒക്ടോബര്‍ 20, 21 തീയതികളിലെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന മൂന്ന് ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചത്. ബില്ലുകള്‍ തികച്ചും നിയമവിരുദ്ധ'മാണ് എന്ന് പറഞ്ഞാണ് പുരോഹിത് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരുന്നത്. ബില്ലുകള്‍ താന്‍ വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ് നേരത്തേ ഗവര്‍ണര്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചിരുന്നു.

ഇതോടെ എ.എ.പി. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ മൂന്നില്‍ രണ്ട് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ധന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന പിടിവള്ളി ഉപയോഗിച്ചാണ് പുരോഹിത് ബില്ലുകള്‍ പിടിച്ചുവച്ചത്. 

പഞ്ചാബ് ജി.എസ്.ടി. (ഭേദഗതി) ബില്‍ 2023, ഇന്ത്യന്‍ സ്റ്റാമ്പ് (പഞ്ചാബ് ഭേദഗതി) ബില്‍ 2023 എന്നീ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് ഗവര്‍ണര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് ജി.എസ്.ടി. അപ്പ്‌ലെറ്റ് ട്രിബ്യൂണല്‍ രൂപവത്കരിക്കുന്നതിനും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ജി.എസ്.ടി. ചുമത്തുന്നതിനുമായുള്ള ബില്ലാണ് ആദ്യത്തേത്. വസ്തുവകകള്‍ പണയപ്പെടുത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നതിനുള്ള ബില്ലാണ് രണ്ടാമത്തെത്. അതേസമയം മൂന്നാമത്തെ ബില്ലായ പഞ്ചാബ് ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് (ഭേദഗതി) ബില്ലിന് അംഗീകാരം ലഭിച്ചിട്ടില്ല. 

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ക്കെതിരെ പഞ്ചാബിലെ എ.എ.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തേ മാര്‍ച്ചില്‍ ബജറ്റ് സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം തിരിച്ചയച്ചതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

അതേസമയം നിയമസഭ പാസാക്കിയ സിഖ് ഗുരുദ്വാരാസ് ബില്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റീസ് ലോ, പഞ്ചാബ് പോലീസ് ബില്‍, പഞ്ചാബ് അഫിലിയേറ്റഡ് കോളേജസ് ബില്‍ എന്നീ നാല് ബില്ലുകള്‍ക്ക് ഇതുവരെ ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ജൂണില്‍ നടന്ന സമ്മേളനത്തില്‍ നിയമസഭ പാസാക്കിയ ബില്ലുകളാണ് ഇവ. നിയമവിരുദ്ധം എന്ന കാരണം തന്നെയാണ് ഈ ബില്ലുകള്‍ ഒപ്പിടാതിരിക്കാനും ഗവര്‍ണര്‍  പറഞ്ഞത്.