ന്യൂഡല്‍ഹി: പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് 14-ാം ബറ്റാലിയന്‍ ജവാനായ മുനീര്‍ അഹ്‌മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട് സിആര്‍പിഎഫ് ശനിയാഴ്ച നടപടി സ്വീകരിക്കുകയായിരുന്നു. പാക് യുവതിയെ വിവാഹം ചെയ്തകാര്യം മറച്ചുവെച്ചതും വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസിപ്പിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.
പാകിസ്താനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ മിനാല്‍ ഖാനും മുനീര്‍ അഹ്‌മദും കഴിഞ്ഞവര്‍ഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. മിനാലിനെ വിവാഹം കഴിക്കാന്‍ മുനീര്‍ 2023-ല്‍ സിആര്‍പിഎഫില്‍നിന്ന് അനുമതി തേടിയിരുന്നു. എന്നാല്‍ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പുതന്നെ ഇരുവരും വിവാഹിതരായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിവാഹം.
തുടര്‍ന്ന് മിനാല്‍ കഴിഞ്ഞ ജനുവരിയില്‍ ഹ്രസ്വകാല വിസയില്‍ ഇന്ത്യയിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 22-ന് വിസാ കാലാവധി അവസാനിച്ചതോടെ നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കി. ദീര്‍ഘകാല വിസയ്ക്കായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. പക്ഷേ, ഇത് അംഗീകരിക്കപ്പെട്ടില്ല. യുവതിയെ പാകിസ്താനിലേക്ക് മടക്കിയയയ്ക്കാന്‍ മുനീര്‍ തയ്യാറായതുമില്ല. ഇതെല്ലാം മുനീറിന് കുരുക്കായി.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണമുണ്ടാവുകയും പാക് സ്വദേശികളെല്ലാം രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മിനാല്‍ ഖാനെ അട്ടാരി അതിര്‍ത്തിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടെ മുനീര്‍ അഹ്‌മദിന്റെ കുടുംബം ജമ്മുവിലെ കോടതിയെ സമീപിക്കുകയും ഇന്ത്യ വിട്ടുപോകുന്നതില്‍ സ്‌റ്റേ ഉത്തരവ് ലഭിക്കുകയും ചെയ്തു. അതിനാല്‍ മിനാല്‍ അട്ടാരിയില്‍നിന്ന് ജമ്മുവിലേക്ക് തന്നെ മടങ്ങി.
Content Highlights: crpf jawan dismissed for marrying pakistani woman
Published: 03 May 2025, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented