
ഇന്ദോർ: മധ്യപ്രദേശിൽ മലിനജലം കുടിച്ച് ഏഴുപേർ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഇന്ദോർ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും.
മരിച്ചവരിൽ നന്ദലാൽ പാൽ(70), ഊർമ്മിള യാദവ് (60), താര(65) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് 2,703 വീടുകളിൽ പരിശോധന നടത്തി. ഏകദേശം 12,000 പേരെ പരിശോധിക്കുകയും നേരിയ രോഗലക്ഷണങ്ങളുള്ള 1,146 രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 111 രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഒട്ടേറെ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആംബുലൻസുകളും സജ്ജമാക്കി. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ മലിനജലം കലർന്നതായാണ് പ്രാഥമികമായി വിലയിരുത്തുന്നത്. വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം, നിർജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി രോഗികൾ പറഞ്ഞു.
ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ്ലൈനിൽ ഒരു ചോർച്ച കണ്ടെത്തിയതായി മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണോ മലിനീകരണത്തിന്റെ കാരണമെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചേക്കും. ലാബ് പരിശോധനാ ഫലങ്ങൾക്കായി അധികൃതർ കാത്തിരിക്കുകയാണ്. രോഗം കൂടുതൽ പടരുന്നത് തടയാൻ ഉദ്യോഗസ്ഥർ സാഹചര്യം നിരീക്ഷിച്ചുവരികയാണ്.
Content Highlights: Contaminated water kills 7 in Indore
Published: 31 Dec 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented