ഇന്ദോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെട്ടിരുന്ന ഇന്ദോർ ഇപ്പോൾ ഗുരുതരമായ ഒരു ആരോഗ്യവെല്ലുവിളി നേരിടുകയാണ്. ഇന്ദോറിലെ ഭഗീരഥ്പുരയിൽ ജലജന്യ രോഗബാധ പടർന്നുപിടിച്ചതിനെത്തുടർന്ന് ഒമ്പത് പേർ മരിക്കുകയും 1400-ൽ അധികം പേർ രോഗബാധിതരാവുകയും ചെയ്തു. ഇപ്പോഴിതാ, ആറ് മാസമായ കുഞ്ഞിന്റെ മരണം പ്രദേശത്ത് പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്. വയറിളക്കവും കടുത്ത പനിയുംമൂലം കുഞ്ഞ് മരിച്ചതായി മലിനജലമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

To advertise here,

കുഞ്ഞിന് വയറിളക്കവും പനിയുമുണ്ടായിരുന്നു. ഡിസംബർ 26-ന് ഡോക്ടറെ കാണിക്കുകയും ചെയ്തു. മരുന്ന് നൽകി വീട്ടിലെത്തിച്ചതിന് ശേഷം രണ്ട് ദിവസം കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ, രാത്രിയിൽ പെട്ടെന്ന് കടുത്ത പനി വന്നു. കുഞ്ഞ് ഛർദിച്ചു. ഡിസംബർ 29-ന് കുഞ്ഞ് മരിച്ചു, കുട്ടിയുടെ പിതാവ് പറഞ്ഞു.

ഭഗീരഥ്പുര ജലവിതരണത്തിൽ പ്രാദേശിക ടോയ്ലെറ്റിൽ നിന്നുള്ള മലിനജലം കലർന്നതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. പൈപ്പ് ലൈനിലെ ചോർച്ച കാരണം കുടിവെള്ളം മലിനീകരണപ്പെട്ടതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി സ്ഥിരീകരിച്ചിരുന്നു.

ജീവനെടുക്കുന്ന മലിനജലം

മലിനജലവുമായുള്ള സമ്പർക്കം പലതരം ജലജന്യ രോഗങ്ങൾക്ക് കാരണമായേക്കും. ഇത്തരം രോഗങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ പരിശോധിക്കാം.

  • ഛർദ്ദി
  • രക്തം കലർന്നുള്ള വയറിളക്കം
  • വയറുവേദന
  • പനിയും വിറയലും
  • നിർജ്ജലീകരണം
  • ക്ഷീണവും തളർച്ചയും

ഇവർ ശ്രദ്ധിക്കണം

  • ചെറിയ കുട്ടികളും ശിശുക്കളും
  • പ്രായമായവർ
  • രോഗപ്രതിരോധ സംവിധാനം ദുർബലമായ വ്യക്തികൾ
  • വിട്ടുമാറാത്ത രോഗങ്ങളുള്ളവർ

എപ്പോൾ വൈദ്യസഹായം തേടണം?

  • കടുത്ത പനി
  • മലത്തിൽ രക്തം
  • ഗുരുതരമായ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ
  • വിട്ടുമാറാത്ത ഛർദ്ദി