എസ്സൽ ഗ്രൂപ്പിന്റെ 22,006 കോടിരൂപയുടെ വായ്പാ കുടിശ്ശികയിൽ ജാമ്യക്കാരനും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയിൽനിന്ന് 6.5 കോടിമാത്രം ഈടാക്കി തീർപ്പാക്കാനുള്ള എൻസിഎൽടി ഉത്തരവിൽ വിവാദം പുകയുന്നു. ബിജെപിയുടെ രാജ്യസഭാ മുൻ എംപി കൂടിയാണ് സുഭാഷ് ചന്ദ്ര. വൻകിട കോർപറേറ്റുകളുടെ വലിയ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളുന്നതിനെ കുറിച്ചും അതിന് ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി)യെ പ്രയോജനപ്പെടുത്തുന്നതിനുമെതിരേ സാമൂഹികമാധ്യമങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്.

To advertise here,

കമ്പനികളുടെയും പങ്കാളിത്ത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കടബാധ്യതകളും പാപ്പരത്തവും ഏകീകൃത ചട്ടക്കൂടിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2016-ൽ കൊണ്ടുവന്ന നിയമമാണ് ഐബിസി. സമയബന്ധിതമായ പരിഹാരം, പ്രതിസന്ധിയിലായ സ്ഥാപനങ്ങളുടെ ആസ്തികളുടെ മൂല്യം നഷ്ടപ്പെടാതെ നിലനിർത്തുക, ബാങ്കുകൾ ഉൾപ്പെടെ സ്ഥാപനത്തിന് പണം നൽകിയവർക്ക് അത് വേഗം മടക്കി നൽകാൻ സഹായിക്കുക തുടങ്ങിയവയാണ് ഐബിസിയുടെ പ്രധാനലക്ഷ്യങ്ങളായി അവതരിപ്പിക്കപ്പെട്ടത്.

എന്നാൽ നിലവിലെ സംഭവ വികാസങ്ങൾക്കിടയിൽ ഐബിസിക്കെതിരേ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

‘വായ്പാ എഴുതിത്തള്ളലിൽനിന്ന് പണമുണ്ടാക്കാൻ വേണ്ടിയാണ് മോദി 2016-ൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐബിസി) കൊണ്ടുവന്നതെന്ന് വർഷങ്ങൾക്ക് മുൻപേ അരുൺ ഷൂരി വെളിപ്പെടുത്തിയതാണെന്ന് കോൺഗ്രസ് കേരള, സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അവകാശപ്പെടുന്നു.

'അവർ വായ്പയുടെ 99.97 ശതമാനം എഴുതിത്തള്ളുകയും ശേഷം ബന്ധുക്കളെ ഉപയോഗിച്ച് ബുദ്ധിപരമായി ബിസിനസ് തിരികെ വാങ്ങുന്ന പ്രൊമോട്ടർമാരിൽനിന്ന് പണം ഈടാക്കുകയും ചെയ്യുന്നു. ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് വ്യക്തമായ ഒരു ഉദാഹരണം ഇതാ.

സംശയം വേണ്ട, നരേന്ദ്ര മോദി ഈ രാജ്യത്ത് അഴിമതിയെ സ്ഥാപനവത്കരിച്ചിരിക്കുന്നു. ബ്രിട്ടീഷുകാർക്ക് ഈ രാജ്യത്തെ കൊള്ളയടിക്കാൻ 200 കൊല്ലം വേണ്ടിവന്നു. അദ്ദേഹം അത് റെക്കോഡ് സമയത്തിൽ ചെയ്യുകയാണ്, എന്നാണ് കോൺഗ്രസ് കേരളയുടെ എക്‌സ് കുറിപ്പിലുള്ളത്.

അരുൺ ഷൂരിയുമായി മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ നടത്തുന്ന അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് എക്‌സിലെ കുറിപ്പിനൊപ്പം കോൺഗ്രസ് കേരള കൊടുത്തിരിക്കുന്നത്. ഇതിൽ ഐബിസിയെ അരുൺ ഷൂരി വിമർശനാത്മകമായി സമീപിക്കുന്നത് കേൾക്കാം. വായ്പ എടുക്കുകയും പിന്നീട് അത് തിരിച്ചടയ്ക്കാതെ വരുന്നതോടെ നിഷ്‌ക്രിയ ആസ്തി (നോൺ പെർഫോമിങ് അസറ്റ് അഥവാ എൻപിഎ)യായി പരിണമിക്കുന്നതിനെക്കുറിച്ചും ഷൂരി പറയുന്നു. വായ്പ തിരിച്ചടയ്ക്കാതെ വരുന്നതോടെ പാപ്പരത്ത നടപടിയിലേക്ക് കടക്കുന്നു. ലേലം ഉൾപ്പെടെയുള്ള നടപടികളുമായി ഒരു കൊല്ലം. അവസാനം വായ്പയുടെ തൊണ്ണൂറു ശതമാനമോ എൺപതുശതമാനമോ എഴുപതു ശതമാനമോ എഴുതിത്തള്ളപ്പെടുന്നതോടെ മറ്റാരെങ്കിലും ഈ കമ്പനി വാങ്ങിക്കും. ബന്ധുത്വനിർവചനങ്ങളിൽ മാറ്റം വന്നിട്ടുള്ളതിനാൽ, കമ്പനി വാങ്ങുന്ന പുതിയ ഉടമ ഒരുപക്ഷേ സഹോദരീഭർത്താവോ സഹോദരഭാര്യയോ ആയിരിക്കും, അരുൺ ഷൂരി പറയുന്നു. ഹൈദരാബാദിലെ ഒരു കമ്പനിയെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

22,006 കോടി രൂപയുടെ വായ്പക്കുടിശ്ശികയിൽ സുഭാഷ് ചന്ദ്ര 6.5 കോടി രൂപമാത്രം തിരിച്ചടച്ചാൽമതിയെന്നാണ് എൻ.സി.എൽ.ടി. (ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ) ഉത്തരവ്. വിവിധ വായ്പാസ്ഥാപനങ്ങൾ ഉന്നയിച്ച 22,006.57 കോടി രൂപയുടെ വെറും 0.03 ശതമാനം മാത്രമാണിത്.

ഒരു സ്ഥാപനത്തിൽനിന്നും താൻ നേരിട്ട് വായ്പയെടുത്തിട്ടില്ലെന്നും വ്യക്തിഗതജാമ്യക്കാരൻ മാത്രമാണ് താനെന്നും സുഭാഷ് ചന്ദ്ര പറയുന്നു. ഇതനുസരിച്ചുള്ള ക്ലെയിം 3992 കോടി രൂപ മാത്രമാണ്; മൊത്തം അവകാശവാദത്തിൽ പറയുന്നതുപോലെ 22,000 കോടിയല്ല. 620 കോടിയുടെ ക്ലെയിം നേരത്തേ തീർപ്പാക്കി. 1063 കോടി വായ്പയെടുത്ത സ്ഥാപനങ്ങൾ നൽകാമെന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്. തന്റെ ജാമ്യത്തിൽ വായ്പയെടുത്ത സ്ഥാപനങ്ങൾ ഇതിനകം 43,000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര അവകാശപ്പെടുന്നു.

വിഷയത്തിൽ എൻ.സി.എൽ.ടി.യുടെ രണ്ടംഗബെഞ്ചിൽ അഭിപ്രായഭിന്നത വന്നതിനെത്തുടർന്ന് ഓഗസ്റ്റ് 25-ന് ജുഡീഷ്യൽ അംഗമായ നീലേഷ് ശർമയാണ് വിധി പ്രസ്താവിച്ചത്. എസ്സൽ ഗ്രൂപ്പ് കമ്പനികളുടെ വായ്പയാണ് കുടിശ്ശികയായത്. ചില വായ്പകൾക്കുള്ള വ്യക്തിഗത ജാമ്യത്തിലെ പാപ്പരത്തനടപടിയാണിത്. കോർപ്പറേറ്റ് വായ്പയുടെ പാപ്പരത്തനടപടിയായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും എൻ.സി.എൽ.ടി. വ്യക്തമാക്കിയിട്ടുണ്ട്.