മുംബൈ: ഛത്രപതി ശിവജിയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്ത് വിവാദങ്ങൾക്ക് തിരികൊളുത്തി കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സാപ്കൽ ആണ് വിവാദപ്രസ്താവനകൾ നടത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവനകളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രൂക്ഷമായി വിമർശിക്കുകയും ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

To advertise here,

മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദിന്റെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, മൈസൂർ ഭരണാധികാരി, ശിവാജിയുടെ ആദർശങ്ങൾ പിന്തുടർന്നുവെന്ന് സാപ്കൽ പറഞ്ഞു. "ഛത്രപതി ശിവാജി മഹാരാജിനുണ്ടായിരുന്ന ധൈര്യവും അദ്ദേഹം അവതരിപ്പിച്ച 'സ്വരാജ്' (സ്വയംഭരണം) എന്ന ആശയവും... വളരെക്കാലത്തിനു ശേഷം, അതേ പാരമ്പര്യം പിന്തുടർന്നും അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചു," സാപ്കൽ പറഞ്ഞു.

"അതുകൊണ്ട്, ടിപ്പു സുൽത്താൻ ഒരു മികച്ച യോദ്ധാവായിരുന്നു, അദ്ദേഹം അളവറ്റ ധൈര്യം പ്രകടിപ്പിക്കുകയും ഇന്ത്യയുടെ യഥാർത്ഥ പുത്രനായി അറിയപ്പെടുകയും ചെയ്തു. ഒരു വിഷലിപ്തമായതോ വർഗീയമായതോ ആയ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ധൈര്യത്തിന്റെ പ്രതീകമായി, ഛത്രപതി ശിവാജി മഹാരാജിന് തുല്യനായി ടിപ്പു സുൽത്താനെ നമ്മൾ കാണണം," കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

സാപ്കലിന്റെ പ്രസ്താവനകളെ തള്ളിക്കളഞ്ഞ ഫഡ്‌നവിസ്, അദ്ദേഹം ലജ്ജിക്കണം എന്നും പറഞ്ഞു. "മഹാരാഷ്ട്ര ഇത് സഹിക്കില്ല. ഛത്രപതി ശിവാജി മഹാരാജിനെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിന് സാപ്കൽ ഖേദം പ്രകടിപ്പിക്കണം. കോൺഗ്രസ് ഇത് ശ്രദ്ധിക്കണം, അതിന്റെ സഖ്യകക്ഷികളും ഈ പ്രസ്താവനയിൽ അവരുടെ നിലപാട് വ്യക്തമാക്കണം," ഫഡ്നവിസ് പറ‍ഞ്ഞു.