ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിൽ എൽഐസി(ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) 33,000 കോടി രൂപ നിക്ഷേപിച്ചത് സമ്മർദ്ദത്തിന് വഴങ്ങി മോദി സർക്കാർ നടത്തിയ 'മൊബൈൽ ഫോൺ ബാങ്കിങ്' ആണെന്ന് കോൺഗ്രസ്. അദാനി ഗ്രൂപ്പിനെ സഹായിക്കാനായി കേന്ദ്ര സർക്കാർ എൽഐസിയെ നിർബന്ധിക്കുകയായിരുന്നുവെന്ന വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ആരോപണം.
'എൽഐസി പ്രീമിയം അടയ്ക്കാൻ ഓരോ പൈസയും മിച്ചം വെക്കുന്ന സാധാരണ ശമ്പളക്കാരനായ ഒരു ഇടത്തരക്കാരന്, അദാനിയെ രക്ഷിക്കാൻ മോദി തന്റെ കഠിനാധ്വാനം ചെയ്ത പണം ഉപയോഗിക്കുകയാണെന്ന് അറിയാമോ? ഇതൊരു വിശ്വാസവഞ്ചനയല്ലേ? ഇത് കൊള്ളയല്ലേ? തന്റെ അടുത്ത സുഹൃത്തിന്റെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിൽ, 30 കോടി എൽഐസി പോളിസി ഉടമകളുടെ കഠിനാധ്വാനം ചെയ്ത പണം മോദി എന്തിനാണ് ധൂർത്തടിക്കുന്നത്?' കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 'എക്‌സിൽ' പോസ്റ്റ് ചെയ്തു.
അദാനിയുടെ ഓഹരികൾ ഇടിഞ്ഞിട്ടും 2023-ൽ അദാനി എഫ്പിഒയിൽ 525 കോടി രൂപ നിക്ഷേപിക്കാനുള്ള എസ്ബിഐയുടെ തീരുമാനത്തെക്കുറിച്ച് സർക്കാരിന് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും ഖാർഗെ ചോദിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) യഥാർത്ഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അടുത്ത സുഹൃത്തുക്കളാണെന്നും’ ഖാർഗെ ആരോപിച്ചു.
'ഗുരുതരമായ ക്രിമിനൽ ആരോപണങ്ങളെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സ്വകാര്യ കമ്പനിയെ രക്ഷിക്കുകയാണ് തങ്ങളുടെ ജോലിയെന്ന് ധനമന്ത്രാലയത്തിലെയും നീതി ആയോഗിലേയും ഉദ്യോഗസ്ഥർ തീരുമാനിച്ചത് ആരുടെ സമ്മർദ്ദം മൂലമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേശ് ചോദിച്ചു. ഇത് ‘മൊബൈൽ ഫോൺ ബാങ്കിങ്ങിന്റെ' മികച്ച ഉദാഹരണമല്ലേയെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.
ഇന്ത്യയിൽ ഉയർന്ന വിലയ്ക്ക് സൗരോർജ്ജ കരാറുകൾ നേടുന്നതിനായി 2,000 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഗൗതം അദാനിക്കും ഏഴ് കൂട്ടാളികൾക്കുമെതിരെ അമേരിക്കയിൽ കുറ്റം ചുമത്തിയതിനെ തുടർന്ന്, 2024 സെപ്റ്റംബർ 21-ന് നാല് മണിക്കൂർ ട്രേഡിങ്ങിനിടെ എൽഐസിക്ക് 7,850 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോൾ, 'ചങ്ങാതി' മുതലാളിത്ത സ്ഥാപനങ്ങളിലേക്ക് പൊതുപണം എറിയുന്നതിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ്സ് സ്ഥാപനത്തിന് യുഎസ് എസ്ഇസിയുടെ സമൻസ് കൈമാറാൻ ഏകദേശം ഒരു വർഷമായി മോദി സർക്കാർ വിസമ്മതിക്കുകയാണെന്ന് ജയ്‌റാം രമേശ് ആരോപിച്ചു. ‘മോദി സർക്കാരും അദാനി ഗ്രൂപ്പും എൽഐസിയെയും അതിന്റെ 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യത്തെയും 'ആസൂത്രിതമായി ദുരുപയോഗം ചെയ്തു.'
'കോൺഗ്രസ് ഏകദേശം മൂന്ന് വർഷമായി ആവശ്യപ്പെടുന്ന ഒരു സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് മാത്രമേ ഈ 'മോദാനി മെഗാ കുംഭകോണം' പൂർണ്ണമായി അന്വേഷിക്കാൻ കഴിയൂ. ആദ്യപടിയായി, അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്താൻ എൽഐസിയെ എങ്ങനെ നിർബന്ധിച്ചു എന്നതിനെക്കുറിച്ച് പിഎസി സമഗ്രമായി അന്വേഷിക്കണം. അത് അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്.' രമേശ് പറഞ്ഞു.
അദാനിയുടെ അടുത്ത സഹായികളായ നാസർ അലി ഷബാൻ അഹ്ലിയും ചാങ് ചുങ് ലിങ്ങും ഷെൽ കമ്പനികളുടെ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല ഉപയോഗിച്ച് വിലകൂട്ടി കാണിച്ച കൽക്കരി ഇറക്കുമതി ചെയ്യുന്നതും ഈ കുംഭകോണത്തിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, റിപ്പോർട്ടിലെ വാദങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് എൽഐസി പ്രതികരിച്ചു. 'അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എൽഐസി പണം നിക്ഷേപിക്കുന്നതിനുള്ള രൂപരേഖയോ പദ്ധതിയോ എൽഐസി തയ്യാറാക്കിയിട്ടില്ല. നിക്ഷേപ തീരുമാനങ്ങൾ എൽഐസി സ്വതന്ത്രമായാണ് എടുക്കുന്നത്.' ഔദ്യോഗിക വക്താവ് പറഞ്ഞു.
Content Highlights: Congress alleges PM Modi`s govt pressured LIC to invest in Adani Group, calling it `mobile banking` and questioning the use of public money.
Published: 25 Oct 2025, 06:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented