
ഛത്രപതി സംഭാജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒരു രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും എന്നാൽ, ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സമ്മർദ്ദ ഗ്രൂപ്പായി തുടരുമെന്നും സ്ഥാപകൻ അഭിജീത് ദീപ്‌കെ. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പാക്കാൻ ഒരു ജനകീയ മുന്നേറ്റമാണ് ഇന്ത്യക്ക് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഛത്രപതി സംഭാജിനഗറിൽ നടന്ന സംഘടനയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്‌കെ.
വിവിധ ഭരണഘടനാ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്തിയും നിലവിലെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ദീപ്‌കെ പറഞ്ഞു. നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷൻ, മാധ്യമങ്ങൾ തുടങ്ങിയവയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇവയുടെ നിഷ്പക്ഷത വീണ്ടെടുക്കാൻ ശക്തമായ ജനകീയ സമ്മർദ്ദം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി. ഉടൻതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ ദീപ്‌കെ, രാഷ്ട്രീയ പാർട്ടിയാകാൻ സംഘടനയ്ക്ക് ഉടനടി പദ്ധതിയൊന്നുമില്ലെന്ന് വ്യക്തമാക്കി.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ അടുത്തറിയുന്നതിനായി 'ക്യാ ബോൽതി പബ്ലിക്' എന്ന പേരിൽ രാജ്യവ്യാപകമായ ഒരു ജനസമ്പർക്ക പരിപാടിയും അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കാണ് സംഘടന മുൻഗണന നൽകുന്നത്. സ്കൂളുകളിലും കോളേജുകളിലും വർധിച്ചുവരുന്ന ഫീസ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണെന്ന് ദീപ്‌കെ ചൂണ്ടിക്കാട്ടി. ഡോ. ബി.ആർ. അംബേദ്കർ വിദ്യാഭ്യാസത്തെ ഒരു മൗലികാവകാശമായാണ് കണ്ടിരുന്നതെങ്കിൽ, ഇന്നത് വെറുമൊരു ബിസിനസ്സായി മാറിയിരിക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു.
ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. സമരംചെയ്യുന്ന വിദ്യാർഥികൾക്കൊപ്പം സി.ജെ.പി. ഉറച്ചുനിൽക്കുമെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സംഘടനയുടെ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് സുതാര്യതയ്ക്കും ഭരണപരിഷ്കാരങ്ങൾക്കുമായി സി.ജെ.പി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Published: 06 Aug 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented