ഷിംല: കനത്ത മഴയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. സോളന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. അതിനിടെ ഷിംലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 20-ഓളം പേരെ കാണാതായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സോളന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് രണ്ട് വീടുകള്‍ ഒഴുകിപ്പോയി. പേമാരിയുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തില്‍  ഏഴു പേരുടെ ജീവന്‍ നഷ്ടമായത് അത്യന്തം ഖേദകരമാണ്. അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകാവുന്ന എല്ലാ സഹായങ്ങളും നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. 

കനത്തമഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.