
ന്യൂഡൽഹി: സി.ജെ.പി. വക്താവ് അഭിജിത് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട വിവരാവകാശ പ്രവർത്തകന് പാർട്ടിയുടെ മറുപടി. ഒരു സ്വകാര്യ വ്യക്തിയുടെ പഠനച്ചെലവുകളെക്കുറിച്ച് ചോദിക്കുന്നവർ എന്തുകൊണ്ട് പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് സി.ജെ.പി. വക്താവ് വൈഷ്ണവി ഗൗർ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളോട് ക്ഷമിക്കും. അക്കാര്യത്തിൽ വിഷമിക്കേണ്ടതില്ലെന്നും വൈഷ്ണവി എക്സിലൂടെ പരിഹസിച്ചു.
സ്‌കോളർഷിപ്പ് വിവരങ്ങളും വിദ്യാഭ്യാസ വായ്പയുടെ രേഖകളും പരസ്യമാക്കാൻ തയ്യാറാണെന്ന് ദീപ്‌കെയും അറിയിച്ചു. പകരം ബി.ജെ.പി. നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ യഥാർഥ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ എന്നും ദീപ്‌കെ വെല്ലുവിളിച്ചു.
സൂറത്തിലെ അമിത് തിവാരി എന്ന വ്യക്തിയാണ് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യംചെയ്ത് പരാതിനൽകിയത്. ദീപ്‌കെയുടെ ഉന്നതവിദ്യാഭ്യാസത്തിനായി ചെലവഴിച്ച തുകയിലാണ് തിവാരി പ്രധാനമായും സംശയമുന്നയിച്ചത്. എന്നാൽ, ബോസ്റ്റൺ യൂണിവേഴ്‌സിറ്റി നൽകിയ സ്‌കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ച് യു.എസിൽ പഠിച്ചെന്നാണ് ദീപ്‌കെയുടെ വെളിപ്പെടുത്തൽ. തെളിവായി സ്‌കോളർഷിപ്പ് സാക്ഷ്യപത്രങ്ങൾ മാധ്യമപ്രവർത്തകയായ ബർഖാ ദത്തിന് നൽകിയ അഭിമുഖത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. വരുംദിവസങ്ങളിൽ പാർട്ടിയാവശ്യങ്ങൾക്കായി സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനാണ് പദ്ധതിയെന്നും ദീപ്‌കെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ സർക്കാർ സർവീസിൽനിന്ന് വിരമിച്ച ജീവനക്കാരനായ അഭിജിതിന്റെ പിതാവ് ഭഗവന്ത് റാവു ദീപ്‌കെയ്ക്ക് വരുമാനത്തിലധികം സ്വത്തുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിവാരി സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. കൂടാതെ, പീപ്പിൾസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെയാണ് സി.ജെ.പി. പ്രവർത്തിക്കുന്നതെന്നും പാർട്ടി നിയമപരമായി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കണമെന്നും തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്.
Published: 03 Aug 2026, 03:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented