ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കോക്രാച്ച് ജനതാ പാർട്ടിയുമായുള്ള സമീപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ്. ചൊവ്വാഴ്ച വൈകുന്നേരം രാഹുൽ ഗാന്ധി തന്റെ വസതിയിൽ നടത്തിയ ചായ സൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെക്ക് ക്ഷണം ലഭിച്ചിരുന്നതായാണ് വിവരം. പ്രശാന്ത് ഭൂഷൺ വഴിയാണ് കോൺഗ്രസ് സിജെപി നേതൃത്വത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എഎപിയുടെ ബി ടീം ആണ് സിജെപിയെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപണമുയർത്തിയിരിക്കെയാണ് സിജെപിയോടുള്ള നിലപാടിൽ മാറ്റം വരുന്നത് എന്നതാണ് ശ്രദ്ധേയം.
അവരെ യോഗത്തിലേക്ക് ക്ഷണിക്കാൻ രാഹുൽ ഗാന്ധി കാണിച്ച സന്നദ്ധത പാർട്ടി നിലപാടിലെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ സിവിൽ സൊസൈറ്റി സംഘടനകളെയും മറ്റ് പ്രസ്ഥാനങ്ങളെയും തങ്ങളുടെ പ്രക്ഷോഭത്തിൽ പങ്കാളികളാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. എല്ലാ പ്രതിഷേധങ്ങളും ഒന്നാണ് എന്ന് സിജെപി പ്രതിഷേധത്തെ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാഹുൽ എക്സിൽ കുറിച്ചിരുന്നു. അതേസമയം വിദ്യാർഥികൾ എന്നാണ് അദ്ദേഹം സിജെപിയെ വിശേഷിപ്പിച്ചത്.
പിന്നാലെയാണ് സിജെപിക്ക് ചായ സൽക്കാരത്തിലേക്ക് ക്ഷണമുണ്ടായത്. പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളെ ഇതിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് എത്താനായില്ല. ദീപ്കെ മഹാരാഷ്ട്രയിലായിരുന്നു. മറ്റുനേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ പുതിയ നീക്കങ്ങളെ സംബന്ധിച്ച് പറയുകയുണ്ടായി. ഏതെങ്കിലും പാർട്ടിയുടെ കൊടി പിടിക്കണമെന്നില്ല, ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന എല്ലാവരെയും കൂട്ടി മുന്നോട്ടുപോകാനാണ് ഇന്ത്യാ സഖ്യം തീരുമാനിച്ചിരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
പരമ്പരാഗത സമര രീതികളിൽ നിന്ന് പാർട്ടി പൂർണ്ണമായും മാറിയെന്ന് പറഞ്ഞ കെ.സി.വേണുഗോപാൽ, വൻ സമ്മേളനങ്ങൾ വിളിച്ചു കൂട്ടുന്നതിന് പകരം, ജനക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് നേരിട്ട് ചെന്ന് വിഷയം അവതരിപ്പിച്ച് പുതിയ തലമുറയെയും യുവാക്കളെയും ആകർഷിക്കുന്ന രീതിയിലാണ് പുതിയ സമരങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.
ഡൽഹി കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട സമരത്തിനുശേഷം, പ്രക്ഷോഭം ഗ്രാമങ്ങളിലേക്കും ബൂത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കും. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ടവരെ കണ്ടെത്തി അവരുടെ വോട്ട് പുനഃസ്ഥാപിക്കാൻ ഒരു മാസം നീണ്ടുനിൽക്കുന്ന 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' ക്യാമ്പയിൻ നടപ്പിലാക്കുമെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി പറഞ്ഞു.
Content Highlights: Congress is changing its approach towards the Cockroach Janata Party (CJP) amid election commission protests., Rahul Gandhi invited CJP founder Abhijit Deepke to a tea party, facilitated by Prashant Bhushan., KC Venugopal stated that the INDIA bloc aims to unite all democratic forces without imposing party flags., Congress plans to launch a month-long 'Vote Bachao Desh Bachao' campaign at the booth level.
Published: 15 Oct 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented