ന്യൂഡൽഹി: സംവരണ നയത്തിൽ പരസ്പരം തമ്മിലടിച്ച് കേന്ദ്രമന്ത്രിമാർ. എസ്.സി സംവരണത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രിയായ ചിരാഗ് പസ്വാനും ജിതൻ റാം മാഞ്ചിയുമാണ് ഭിന്നത പ്രകടിപ്പിച്ചത്. സംവരണത്തിൽ ഉപസംവരണം വേണമെന്ന് ജിതൻ റാം മാഞ്ചി ആവശ്യപ്പെട്ടപ്പോൾ മാഞ്ചിയും മകനും സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന കടുത്ത ഭാഷയിലാണ് ചിരാഗ് പസ്വാൻ പ്രതികരിച്ചത്. ഹിന്ദുസ്ഥാനി അവാം മോർച്ച പാർട്ടി (സെക്യുലർ) നേതാവാണ് ജിതൻ റാം മാഞ്ചി.

To advertise here,

എസ്.സി, എസ്.ടി സംവരണത്തിനുള്ളിൽ ഉപസംവരണം കൊണ്ടുവരുന്നതിനെ ഇദ്ദേഹം അനുകൂലിച്ചിരുന്നു. ദളിത് സംവരണത്തിന്റെ ആനുകൂല്യങ്ങൾ നിലവിൽ പാസ്വാൻ, രവിദാസ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഏറ്റവും പിന്നാക്ക ദളിത് വിഭാഗമായ തങ്ങളുടെ 'മുഷഹർ' സമുദായത്തിൽനിന്ന് ഇതുവരെ ഒരാൾ പോലും ഐ.എ.എസ് ഓഫീസർ ആയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഏറ്റവും പിന്നാക്കം നിൽക്കുന്നവരിലേക്ക് എത്തിക്കാൻ പുനഃപരിശോധന ആവശ്യമാണെന്ന് മാഞ്ചിയുടെ മകനും ബീഹാർ മന്ത്രിയുമായ സന്തോഷ് കുമാർ സുമനും ആവശ്യപ്പെട്ടിരുന്നു.

ഇതാണ് ചിരാഗ് പസ്വാനെ ചൊടിപ്പിച്ചത്. എസ്.സി വിഭാഗങ്ങൾക്കിടയിൽ ഉപസംവരണവും ക്രീമിലെയറും വേണമെന്ന് ആവശ്യപ്പെടുന്ന ജിതൻ റാം മാഞ്ചിയും മകനും ആദ്യം മന്ത്രിസ്ഥാനങ്ങൾ രാജിവെച്ച് സംവരണാനുകൂല്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് ചിരാഗ് പാസ്വാൻ ആഞ്ഞടിച്ചു. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എസ്.സി സംവരണം നിർണ്ണയിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംവരണത്തിനുള്ളിൽ ഉപവർഗീകരണം കൊണ്ടുവരുന്നത് ദളിത് സമൂഹത്തെ വിഭജിക്കുമെന്നും, ഇത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തി ദളിതർ വീണ്ടും വിവേചനം നേരിടാൻ കാരണമാകുമെന്നും ചിരാഗ് പാസ്വാൻ മുന്നറിയിപ്പ് നൽകി.

എസ്.സി, എസ്.ടി വിഭാഗങ്ങളെ കൂടുതൽ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ വർഗീകരിച്ച് ഉപസംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024-ലെ സുപ്രീം കോടതി വിധിയാണ് നിലവിലെ ചർച്ചകൾക്ക് അടിസ്ഥാനം. സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നിൽക്കുന്ന ദളിത് വിഭാഗങ്ങളെ (ക്രീമിലെയർ) സംവരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകപ്പെട്ടിരുന്നു.

എന്നാൽ, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ തത്വം ബാധകമാക്കാൻ കഴിയില്ലെന്നും ഇത് ഒ.ബി.സി വിഭാഗങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.