ന്യൂഡല്‍ഹി: ഇന്ത്യയില്‍ സര്‍ക്കാരിനെ മാറ്റാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ടിബറ്റന്‍ നേതാവിന്റെ ആരോപണം. ഇന്ത്യയിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്‌സാങ് സങ്‌ഗെയാണ് ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരിലും വിവിധ മേഖലകളി‍ലുള്ള  ഉന്നതരിലും സ്വാധീനം ചെലുത്തി രാജ്യത്ത് ഭരണമാറ്റമുണ്ടാക്കാന്‍ ഇന്ത്യയിലെ ചൈനീസ് എംബസിയുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. സങ്‌ഗെയുടെ പരാമര്‍ശം.

To advertise here,

'ഉന്നതരെ കൂടെ നിര്‍ത്തുക എന്നത് പുരാതന ചൈനീസ് തന്ത്രമാണ്, അവര്‍ നേതാക്കളെയും, ബുദ്ധിജീവികളെയും, വ്യവസായികളേയും, മാധ്യമപ്രവര്‍ത്തകരെയും, ഇക്കാലത്ത് യൂട്യൂബര്‍മാരെ പോലും വിലക്കെടുക്കുന്നു. അങ്ങനെയാണ് അവര്‍ ടിബറ്റിലും, സിന്‍ജിയാങ്ങിലും, മംഗോളിയയിലും നുഴഞ്ഞുകയറിയത് - ഇന്ത്യയിലും അവര്‍ അത് തന്നെ പരീക്ഷിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.

ബീജിങ്ങിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ നിന്ന് ഇന്ത്യയും അതീതരല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ ദേശീയ ദിനാഘോഷങ്ങള്‍ നോക്കൂ. ആരാണ് പങ്കെടുക്കുന്നതെന്ന് പരിശോധിക്കുക. രാഷ്ട്രീയക്കാരുടെയും, വ്യവസായ പ്രമുഖരുടെയും, മറ്റുള്ളവരുടെയും ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അവരെല്ലാവരും വിലക്കെടുക്കപ്പെട്ടവരല്ല, പക്ഷേ ചൈന ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു,' ഡോ. സങ്‌ഗേ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ഭരണമാറ്റങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നേപ്പാളില്‍ ഒരു പാര്‍ട്ടി പരസ്യമായി ചൈനയെ അനുകൂലിക്കുമ്പോള്‍, മറ്റൊന്ന് ഇന്ത്യയെ അനുകൂലിക്കുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈന ഭരണവര്‍ഗത്തെ പാട്ടിലാക്കിയിരിക്കുന്നു. പാകിസ്താനില്‍ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ചൈനയെ പിന്തുണയ്ക്കുന്നു. ഇതാണ് ഉന്നതരെ വരുതിയിലാക്കുന്ന തന്ത്രം,' അദ്ദേഹം വിശദീകരിച്ചു.

ഡോ. സങ്‌ഗേയുടെ അഭിപ്രായത്തില്‍, ചൈന ഈ തന്ത്രം ദക്ഷിണേഷ്യക്കപ്പുറം വ്യാപിപ്പിക്കുകയാണ്. 'ചൈനയെ പുകഴ്ത്തിയ ശേഷം, പിന്നീട് ഒരു ലക്ഷം ഡോളറോ അതിലധികമോ ശമ്പളത്തില്‍ ചൈനീസ് കമ്പനികളില്‍ ഡയറക്ടര്‍മാരായി ജോലി നേടുന്ന യൂറോപ്പിലെ മന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് വര്‍ഷത്തില്‍ 8,88,000 ഡോളര്‍ വരെയാകാം. ഇങ്ങനെയാണ് ചൈന ആളുകളെ വിലക്കെടുക്കുന്നത്,' അദ്ദേഹം പറഞ്ഞു. ചൈനീസ് നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

'ഭരണകക്ഷി, പ്രതിപക്ഷം, വ്യവസായ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും ജാഗ്രതയോടെയിരിക്കണം. സ്വന്തം അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ആരെവേണമെങ്കിലും ചൈന വിലയ്‌ക്കെടുക്കും'- അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സ്വാധീനം നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചൈന എന്തിനാണ് മാലദ്വീപിനെ, ബംഗ്ലാദേശിനെ, ശ്രീലങ്കയെ നേപ്പാളിനെ ഒക്കെ പിന്തുണയ്ക്കുന്നത്? ഇന്ത്യയെ ആക്രമിക്കുന്ന ഭീകരവാദികള്‍ക്കെതിരായ പ്രമേയങ്ങളെ എന്തിനാണ് യു.എന്നില്‍ തടയുന്നത്? കാരണം, ഇന്ത്യയെ വരിഞ്ഞുമുറുക്കാനും ദക്ഷിണേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുമാണ് അവര്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ചൈനയുടെ സാമ്പത്തിക സ്വാധീനത്തെ രാഷ്ട്രീയ തന്ത്രങ്ങളുമായി താരതമ്യം ചെയ്ത അദ്ദേഹം ഇന്ത്യയുടെ വ്യാപാരക്കമ്മി എടുത്തുപറഞ്ഞു. 'ഇന്ത്യ ചൈനയില്‍ നിന്ന് 11,300 കോടി ഡോളറിന്റെ സാധനങ്ങള്‍ വാങ്ങുന്നു, എന്നാല്‍ 1400 കോടി ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ് വില്‍ക്കുന്നത്. അതായത് 9,900 കോടി ഡോളറിന്റെ കമ്മി. ഇതിനര്‍ത്ഥം ഇന്ത്യയില്‍ കുറഞ്ഞ ഫാക്ടറികള്‍, കുറഞ്ഞ ഉത്പാദനം, കുറഞ്ഞ തൊഴിലവസരങ്ങള്‍ എന്നിവയാണ്. ചൈനയുമായുള്ള ഇടപാടുകള്‍ ഏകപക്ഷീയം മാത്രമല്ല, അപകടകരവുമാണ്,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൈനയുമായുള്ള വ്യാപാരം ആ രാജ്യത്തെ ജനാധിപത്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന, ഹെന്റി കിസിംഗറിന്റെ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സിദ്ധാന്തത്തെയും ഡോ. സാംഗേ വിമര്‍ശിച്ചു. 'ഈ മിഥ്യാധാരണയില്‍ പാശ്ചാത്യലോകം 30 വര്‍ഷം ചൈനയില്‍ നിക്ഷേപം നടത്തി. എന്നാല്‍ ജനാധിപത്യപരമാകുന്നതിന് പകരം ചൈന കൂടുതല്‍ ശത്രുതാപരമായി മാറി. ഇന്ത്യ ആ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ചൈനയുമായി സഹകരിച്ച് ലാഭമുണ്ടാക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റുപറ്റി. ബീജിങ്ങിന്റെ തന്ത്രം ഉന്നതരെ സ്വാധീനിച്ച് കീഴ്‌പ്പെടുത്തലാണ്, വളരെ വൈകുന്നതിന് മുമ്പ് ഇന്ത്യ ഇതിനെതിരെ ജാഗ്രത പാലിക്കണം.'- അദ്ദേഹം പറഞ്ഞു.